കൊച്ചി:മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് വിവേക് കിരണിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സമന്‍സ് അയച്ചത് എസ്എന്‍സി ലാവ്ലിൻ കേസുമായി ബന്ധപ്പെട്ടാണെന്ന വിവരങ്ങള്‍ പുറത്ത്. ലാവ്ലിൻ കേസിൽ സാക്ഷിയെന്ന നിലയിലാണ് വിവേക് കിരണിനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. നേരത്തെ ചോദ്യം ചെയ്ത ചില വ്യക്തികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി. അദ്ദേഹത്തിന് നോട്ടീസ് അയച്ചത്. ലാവ്ലിൻ കമ്പനി വിവേക് കിരണിന്റെ യു.കെ.യിലെ വിദ്യാഭ്യാസത്തിനായി പണം നൽകി എന്ന ഒരു മൊഴി ഇ.ഡിക്ക് ലഭിച്ചിരുന്നു.
എന്‍ഫോഴ്സ്മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടിലാണ് (ഇ.സി.ഐ.ആര്.) ഈ കാര്യങ്ങള്‍ ഇ.ഡി. വ്യക്തമാക്കുന്നത്. 2020-ല്‍ ആണ് എസ്എന്‍സി ലാവ്ലിൻ കേസുമായി ബന്ധപ്പെട്ട് ഇ.ഡി, ഇ.സി.ഐ.ആര്. രജിസ്റ്റര്‍ ചെയ്തത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം (പി.എം.എല്‍.എ) പ്രകാരമാണ് നടപടിയെടുത്തത്.
വിവേക് കിരൺ യു.കെ.യിലാണ് വിദ്യാഭ്യാസം ചെയ്തത്. ഇതേ കാലയളവിൽ പസഫിക് കൺട്രോൾ എന്ന സ്ഥാപനത്തിന്റെ ഉടമയായ ദിലീപ് രാഹുലൻ യു.കെ. കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്. ലാവ്ലിൻ കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു ദിലീപ് രാഹുലൻ. ഇവരുമായുള്ള ബന്ധവും മൊഴികളിൽ പറയുന്ന സാമ്പത്തിക ഇടപാടുകളുമാണ് ചോദ്യം ചെയ്യലിന്റെ പ്രധാന കാരണം. ഇ.ഡി. വിവേക് കിരണിന് ഒരൊറ്റ സമൻസ് മാത്രമാണ് നിലവിൽ അയച്ചിരിക്കുന്നത്.


