കൊച്ചി: ഹൈക്കോടതി വിധി അനുസരിച്ച് കോതമംഗലം മാര്‍ത്തോമ പള്ളിയില്‍ ആരാധനയ്ക്കെത്തിയ ഓര്‍ത്തഡോക്സ് വിഭാഗം റമ്പാനെ യാക്കോബായ വിഭാഗം വിശ്വാസികള്‍ തടഞ്ഞത് കോതമംഗലത്ത് സംഘര്‍ഷത്തിന് കാരണമായി. പോലീസിന്റെ അകമ്പടിയോടെ പള്ളിയിലേക്ക് എത്താന്‍ ശ്രമിച്ച തോമസ് പോള്‍ റമ്പാനെ തടയുകയായിരുന്നു. പ്രതിഷേധം കണ്ട് തിരിച്ചുപോകില്ലെന്ന നിലപാടിലായിരുന്നു തോമസ് പോള്‍ റമ്പാന്. എന്നാല്‍ സംഘര്‍ഷാവസ്ഥ പരിഗണിച്ച് റമ്പാനെ പോലീസ് തിരികെ കൊണ്ടുപോകുകയായിരുന്നു.
താന്‍ ഇനിയും വരുമെന്നും പള്ളിയില്‍ പ്രാര്‍ത്ഥന നടത്തുന്നത് തന്റെ ലക്ഷ്യമാണെന്നും തിരിച്ചുപോകുന്നതിനിടെ തോമസ് പോള്‍ റമ്പാന് പറഞ്ഞു. റമ്പാനൊപ്പമെത്തിയ ഓര്‍ത്തഡോക്സ് സഭാ വിശ്വാസികളെയും തിരിച്ചയച്ചിട്ടുണ്ട്. ഓര്‍ത്തഡോക്സ് വിഭാഗം മടങ്ങിപ്പോയെങ്കിലും വിശ്വാസികള്‍ തിരിച്ചുപോകരുതെന്ന നിര്‍ദേശം യാക്കോബായ സഭാ വിഭാഗം പള്ളിയില്‍ നിന്നും നല്‍കുന്നുണ്ട്. ഓര്‍ത്തഡോക്സ് വിഭാഗം തിരിച്ചുവരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് നേതൃത്വം വിശ്വാസികള്‍ക്ക് നല്‍കുന്നത്. പ്രതിഷേധത്തിന്റെ മുന്‍നിരയില്‍ നിന്ന് 40 ഓളം പേരെ പോലീസ് അറസ്റ്റു ചെയ്തുനീക്കി. സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യം മുന്നില്‍ കണ്ടാണ് ഈ നടപടി.


