തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കുട്ടിയുടെ അമ്മാവൻ കുറ്റം സമ്മതിച്ചു. കുഞ്ഞിനെ കൊലപ്പെടുത്തിയത് താനാണെന്ന് അമ്മാവൻ ഹരികുമാര്‍ പൊലീസിന് മൊഴി നൽകി. കസ്റ്റഡിയിലുള്ള ഹരികുമാറിന്റെ കുറ്റസമ്മത മൊഴി ഒന്നുകൂടി ഉറപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. കുഞ്ഞിനെ ഹരികുമാര്‍ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തുകയായിുരന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. കുഞ്ഞിന്റെ അമ്മയുടെ സഹോദരനാണ് ഹരികുമാര്‍.
ഇന്ന് രാവിലെയാണ് ബാലരാമപുരത്ത് കാണാതായ രണ്ടു വയസുകാരിയുടെ മൃതദേഹം വീട്ടുമുറ്റത്തെ കിണറ്റിൽ കണ്ടെത്തിയത്. സംഭവത്തി രാവിലെ മുതൽ അടിമുടി ദുരൂഹത തുടര്‍ന്നിരുന്നു. കൊലപാതകമെന്ന സംശയത്തിൽ പൊലീസ് രാവിലെ തന്നെ കുട്ടിയുടെ അച്ഛൻ, അമ്മ, മുത്തശ്ശി, അമ്മയുടെ സഹോദരൻ എന്നിവരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കോട്ടുകാൽക്കോണം സ്വദേശി ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകളായ ദേവേന്ദുവാണ് മരിച്ചത്.
അച്ഛനും അമ്മയ്ക്കും സഹോദരിക്കുമൊപ്പം ഇന്നലെ ഉറങ്ങാൻ കിടന്ന ദേവേന്ദുവിനെ രാവിലെ കാണാതാവുകയായിരുന്നു . തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കുഞ്ഞിന്റെ മൃതദേഹം വീട്ടുമുറ്റത്തെ കിണറ്റിൽ കണ്ടെത്തി. കുഞ്ഞിന്റെ മുത്തശ്ശന്റെ മരണാനന്തര ചടങ്ങിനെത്തിയ ബന്ധുക്കള്‍ അടക്കം നടത്തിയ തെരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്ന സംശയത്തിലുറച്ചാണ് തുടക്കം മുതൽ പൊലീസ് നീങ്ങിയത്.