മൂവാറ്റുപുഴ: നേപ്പാളിൽ വിനോദയാത്രയ്ക്ക് പോയ പായിപ്ര സ്വദേശിയായ യുവാവ് ഹൃദയസ്തംഭനം മൂലം മരിച്ചു. പായിപ്ര കൊള്ളിക്കാട്ടുചാലിൽ പടിഞ്ഞാറെ ചാലിൽ വീട്ടിൽ നിസാറിന്റെ മകൻ ആഷിക് നിസാർ (20) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ നേപ്പാളിലെ മനാഗിലുള്ള ലുംത ഹോട്ടലിലായിരുന്നു സംഭവം. പ്രതികൂല കാലാവസ്ഥയും അതിശൈത്യവുമുള്ള പ്രദേശത്ത് ഓക്സിജന്റെ അളവ് കുറഞ്ഞതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
പായിപ്ര സ്വദേശിയായ സുഹൃത്തിനൊപ്പമാണ് ആഷിക് നേപ്പാളിലേക്ക് യാത്ര തിരിച്ചത്. മഞ്ഞുവീഴ്ചയുള്ള പർവതനിരകളോട് ചേർന്നുള്ള ഹോട്ടലിലായിരുന്നു ഇവരുടെ താമസം. ഞായറാഴ്ച രാവിലെ കുളിക്കാനായി ശുചിമുറിയിൽ കയറിയ ആഷിക് ഏറെ നേരമായിട്ടും പുറത്തിറങ്ങാതിരുന്നതോടെ സുഹൃത്തിന് സംശയം തോന്നി. തുടർന്ന് വാതിൽ തകർത്ത് അകത്തുകടന്നപ്പോൾ ആഷിക്കിനെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ നിന്നുള്ള ഡോക്ടർ സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വിവരമറിഞ്ഞ് നേപ്പാൾ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിക്കുകയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റുകയും ചെയ്തു.
ഇരുപത് വർഷമായി നേപ്പാളിൽ സ്ഥിരതാമസമാക്കിയ പൈങ്ങോട്ടൂർ സ്വദേശി ബോബി ആന്റണി ഇടപെട്ടാണ് ആശുപത്രി, പോലീസ് നടപടികൾ വേഗത്തിലാക്കിയത്. തിങ്കളാഴ്ച നടക്കുന്ന പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനായി എം.പിമാരായ ഡീൻ കുര്യാക്കോസ്, ഹാരിസ് ബീരാൻ എന്നിവർ ഇടപെട്ടിട്ടുണ്ട്. ഇവരുടെ നിർദ്ദേശപ്രകാരം ഇന്ത്യൻ എംബസി അധികൃതർ തുടർനടപടികൾ ഏകോപിപ്പിക്കുന്നുണ്ട്.
മാതാവ്: സഫിയ. സഹോദരങ്ങൾ: ആഷിന, ആദിൽ.

