ഹൈക്കോടതിയും വിവരാവകാശ കമ്മീഷനും പുറത്ത് വിടാൻ പറഞ്ഞിട്ടും പതിനൊന്ന് ഖണ്ഡികളോളം ഒളിപ്പിച്ചു വെച്ച സർക്കാർ നടപടി തുറന്ന് കാട്ടിയ റിപ്പോർട്ടർ വാർത്തയിൽ പ്രതികരിച്ച് സംവിധായകൻ ആഷിഖ് അബു. വാർത്ത ഞെട്ടിക്കുന്നതാണെന്നും അങ്ങേയറ്റം നിരാശയുണ്ടാക്കുന്നതാണെന്നും ആഷിഖ് അബു പറഞ്ഞു.സാമൂഹിക ഉത്തരവാദിത്തമില്ലാത്ത, ക്ലബ് പോലെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അമ്മ. സര്‍ക്കാര്‍ പറയുന്നത് പോലെ പ്രവര്‍ത്തിക്കുമെന്ന ഫെഫ്ക നിലപാടിനോടും യോജിപ്പില്ല.
സിനിമാ മേഖലയിൽ നടക്കുന്ന അതിക്രമങ്ങളെ ‘കാസ്റ്റിങ് കൗച്ച്’ എന്ന് ചുരുക്കി കാണരുതെന്നും അതെല്ലാം ക്രൂരമായ ബലാൽസംഗങ്ങളാണെന്നും ആഷിഖ് അബു പറഞ്ഞു. റിപ്പോർട്ട് പുറത്ത് വന്നിട്ടും അത് നടപ്പിലാക്കാൻ സ്റ്റേറ്റ് പരാജയപ്പെടുന്നത് കാണുമ്പോൾ പൗരനെന്ന നിലയിൽ നാണക്കേട് തോന്നുന്നതെന്നും ആഷിഖ് അബു പറഞ്ഞു.സിനിമയിലെ പ്രശ്നങ്ങള്‍ എല്ലാവര്ക്കും അറിയാവുന്നതാണ്. പക്ഷേ പ്രശ്നങ്ങളോട് സര്‍ക്കാര്‍ ഇടപെടുന്നില്ല. സിനിമ മേഖല ഒരു തൊഴിലിടമാണ് അവിടുത്തെ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ് അല്ലാതെ ഒരു സംഘടനയുടെ ഉത്തരവാദിത്തമല്ലെന്ന് ആഷിഖ് അബു പറഞ്ഞു. മൂലധന ശക്തികളുടെ ഭാഗത്ത് നിന്നുള്ള പ്രശ്നങ്ങളെ അതിജീവിക്കാന്‍ വേണ്ടിയാണ് സ്വയം പ്രോഡ്യൂസര്‍ ആയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


