പാലക്കാട്: പാലക്കാട് അട്ടപ്പാടിയിലെ ആദിവാസി ഉന്നതികളിലെ വൈദ്യുതി വത്കരണത്തിനായി കരാര്‍ എടുത്ത കമ്പനിക്ക് അനര്‍ട്ട് വഴിവിട്ട സഹായം നല്‍കിയതായും കരാറില്‍ രേഖപ്പെടുത്തിയതില്‍ കൂടുതല്‍ തുക നല്കാന് നീക്കം നടന്നതായും കണ്ടെത്തൽ. സംസ്ഥാനത്ത് മൂന്നിടത്തേക്ക് നടന്ന ടെണ്ടറിലും വിൻഡ് സ്ട്രീം എനർജി ടെക്നോളജീസ് എന്ന കമ്പനി മാത്രമാണ് പങ്കെടുത്തത്. ഇവര്‍ക്ക് തന്നെ കരാറും നല്‍കിയതായാണ് കണ്ടെത്തൽ.
2023 ജൂലൈ 19ന് അനർട്ടിൻ്റെ ഗവേണിങ് ബോഡി യോഗം തിരുവനന്തപുരത്ത് ചേർന്നപ്പോൾ അന്നത്തെ വൈദ്യുതി മന്ത്രിയായ കെ. കൃഷ്ണൻകുട്ടിയും വൈദ്യുതി വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി കെ. ആർ ജ്യോതിലാലും ഉൾപ്പെടെയുള്ള ഉന്നതർ യോഗത്തിലുണ്ടായിരുന്നു. അട്ടപ്പാടിയിലെ വൈദ്യുതിവത്കരണവുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു യോഗത്തിൽ ചർച്ചയായത്. വിൻഡ് സ്ട്രീം എനർജി ടെക്നോളജി താഴെ തുടുക്കി ഉന്നതിയിൽ നടപ്പിലാക്കിയ വൈദ്യുതി പദ്ധതിയ്ക്ക് 22 ലക്ഷം രൂപ അധികമായി നൽകണമെന്നായിരുന്നു സി.ഇ.ഒ റിപ്പോർട്ടുകളിലുണ്ടായിരുന്നത്.


