ഡൽഹിയിൽ സിവിൽ സർവീസ് കോച്ചിംഗ് സെന്ററിന്റെ ബേസ്മെന്റിൽ വെള്ളം കയറിയുണ്ടായ അപകടത്തിൽ മരിച്ചവരിൽ മലയാളിയുമുണ്ടെന്ന് സൂചന. മൂന്ന് വിദ്യാർത്ഥികളാണ് മരിച്ചിരുന്നത്. വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. സിവിൽ സർവ്വീസ് പരിശീലന കേന്ദ്രത്തിന് സമീപം വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധം സമരമായി മാറിയിട്ടുണ്ട്. സ്റ്റഡി സെന്ററിൽ വെള്ളക്കെട്ട് സ്ഥിരം പ്രശ്നമാണെന്നും ചെറിയൊരു മഴ പെയ്താൽ പോലും വെള്ളക്കെട്ടിൽ അകപ്പെടുന്ന അവസ്ഥയാണെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.
എറണാകുളം സ്വദേശി നവീൻ ഉൾപ്പെട്ടെന്നാണ് വിവരം. ജില്ലാ ഭരണകൂടം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഓൾഡ് രാജേന്ദർ നഗറിലെ കോച്ചിങ്സെന്ററിലാണ് അപകടമുണ്ടായത്. സംഭവത്തിൽ മജിസ്ട്രേറ്റ് അന്വേഷണത്തിന് ഡൽഹി സർക്കാർ ഉത്തരവിട്ടു. വീഴ്ചയ്ക്കെതിരെ നടപടിയെടുക്കുമെന്ന് മേയർ ഷെല്ലി ഒബ്രോയ് പറഞ്ഞു.വെള്ളം ഇരച്ചെത്തിയപ്പോൾ അതിനുള്ളിൽ കുടുങ്ങിയ മൂന്ന് വിദ്യാർത്ഥികളാണ് മരിച്ചത്. സംഭവത്തിൽ ഡൽഹി പൊലീസ് കേസെടുത്തിട്ടുണ്ട്. രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.


