കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുമായുള്ള അടുപ്പത്തെക്കുറിച്ചുള്ള രാഷ്ട്രീയ വിമര്‍ശനങ്ങളില്‍ മറുപടിയുമായി തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസ്. വലിയ പ്രതീക്ഷയിലാണ് സുരേഷ് ഗോപിയെ തിരഞ്ഞെടുത്തത്. വികസനം നടത്തുമെന്ന് ജനത്തിന് പ്രതീക്ഷയുണ്ട്. വികസനം നടത്താൻ തയ്യാറായാൽ കൂടെ നിൽക്കണ്ടേയെന്നും അദ്ദേഹം ചോദിച്ചു. താന്‍ ഇടതുപക്ഷത്തിനും സിപിഐഎമ്മിനുമൊപ്പമെന്ന് തൃശൂര്‍ മേയര്‍ പറഞ്ഞു. രാഷ്ട്രീയത്തിന്റെ പേര് പറഞ്ഞ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്താതിരിക്കാനാകില്ല. തന്റെ ആദര്‍ശവും സുരേഷ് ഗോപിയുടെ ആദര്‍ശവും വേറെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
സിപിഐയുടെ എതിർപ്പ് തന്നോട് പറഞ്ഞിട്ടില്ലെന്നും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും പറഞ്ഞ എം കെ വർഗീസ് എവിടെയോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.ഇടതുപക്ഷത്തെ വ്രണപ്പെടുത്തുന്ന ഒരു പ്രവൃത്തിയും താന്‍ ചെയ്തിട്ടില്ല. സിപിഐക്ക് അതൃപ്തി വരേണ്ട സാഹചര്യം ഇല്ല. സിപിഐഎമ്മിന്റെ ഘടകകക്ഷിയായ സിപിഐ എന്തെങ്കിലും അതൃപ്ത്തിയുണ്ടെങ്കില്‍ അവരുമായി സംസാരിച്ചു തീര്‍ക്കാന്‍ തയാറാണ്.എൽഡിഎഫിനൊപ്പമാണ്. ഒരിക്കലും ബിജെപിയുമായി സഹകരിച്ചുപോകാനാകില്ല. രണ്ടും രണ്ട് ആദർശമാണ്. സുരേഷ് ഗോപിയിൽ ജനങ്ങൾക്ക് പ്രതീക്ഷയുണ്ട്, അത് വോട്ടായെന്നും മേയര്‍ പറഞ്ഞു.


