തിരുവനന്തപുരം: നിയമസഭാ ഹോസ്റ്റല്‍ വളപ്പിലേക്ക് ബര്‍മുഡ ഇട്ട് വന്നാല്‍ പ്രവേശിപ്പിക്കില്ല. ഹര്‍ത്താല്‍ ദിനത്തില്‍ നിയമസഭാ ഹോസ്റ്റല്‍ വളപ്പിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ എത്തിയവരെ ബര്‍മുഡ ധരിച്ചെന്ന പേരില്‍ സുരക്ഷാ ജീവനക്കാര്‍ തടയുകയും ചെയ്തിരുന്നു. ബര്‍മുഡ സഭ്യതയ്ക്ക് ചേര്‍ന്ന വസ്ത്രമല്ലെന്നാണ് നിയമസഭാ സുരക്ഷ വിഭാഗത്തിന്റെ വാദം.
നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ എംഎല്‍എമാരുടെ കുടുംബാംഗങ്ങളും ഹോസ്റ്റലില്‍ തങ്ങുന്നുണ്ട്. അതുകൊണ്ട് ബര്‍മുഡ ധരിച്ച് വളപ്പില്‍ കയറാന്‍ ആവില്ലെന്ന മറുപടിയാണ് ഭക്ഷണം കഴിക്കാന്‍ എത്തിയവര്‍ക്ക് സുരക്ഷാ ജീവനക്കാര്‍ നല്‍കിയത്. ബര്‍മുഡ, നിയമസഭ ഹോസ്റ്റില്‍ വളപ്പില്‍ നിരോധിച്ച് കൊണ്ടുള്ള ഉത്തരവൊന്നും ഏതായാലും ഇറങ്ങിയിട്ടില്ല.
വാക്കാലുള്ള നിര്‍ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ ‘ബര്‍മുഡ’ നിരോധനം ഏര്‍പ്പെടുത്തുന്നത്. എന്നാല്‍, ബര്‍മുഡ ധരിച്ച് വളപ്പില്‍ കയറരുതെന്നുള്ള നിര്‍ദേശം സന്ദര്‍ശകര്‍ക്ക് മാത്രമേയുള്ളൂ. ഹോസ്റ്റലില്‍ താമസിക്കുന്ന എംഎല്‍എമാരുടെ കുടുംബാംഗങ്ങള്‍ക്ക് ബര്‍മുഡ ഇട്ട് കറങ്ങുന്നതിന് ഒരു വിലക്കുമില്ല.


