പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് കേസില്‍ നീലേശ്വരം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.അധ്യാപക നിയമനത്തിനായി വ്യാജരേഖ നിര്‍മിക്കാന്‍ എസ്എഫ്ഐ മുന്‍ നേതാവ് കെ.വിദ്യയ്ക്ക് മറ്റാരുടെയും സഹായം ലഭിച്ചില്ലെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
തന്റെ മൊബൈല്‍ ഫോണില്‍ സ്വന്തമായാണ് രേഖ ഉണ്ടാക്കിയതെന്നും ഇതിന്റെ ഒറിജിനല്‍ നശിപ്പിച്ചുവെന്നുമുള്ള വിദ്യയുടെ മൊഴി ശരിയാണെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഒരു വര്‍ഷം കരിന്തളം ഗവ. കോളജില്‍ വിദ്യ ജോലി ചെയ്തിരുന്നു. ഈ ജോലിയിലൂടെ വിദ്യ സര്‍ക്കാര്‍ ശമ്പളം കൈപറ്റിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.
ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് നീലേശ്വരം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. വ്യാജരേഖ നിര്‍മിക്കല്‍, വ്യാജരേഖ സമര്‍പ്പിക്കല്‍, വഞ്ചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.
കരിന്തളം ഗവ. കോളജില്‍ ഗസ്റ്റ് ലക്ചറര്‍ ജോലി നേടാന്‍ വ്യാജ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതിനാണ് വിദ്യ അറസ്റ്റിലാകുന്നത്. 2018 ജൂണ്‍ നാല് മുതല്‍ 2019 മാര്‍ച്ച് 31 വരെയും 2020 ജൂണ്‍ 10 മുതല്‍ 2021 മാര്‍ച്ച് 31 വരെയും മഹാരാജാസ് കോളജില്‍ മലയാളം വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപികയായിരുന്നു എന്ന് തെളിയിക്കുന്ന രണ്ട് സര്‍ട്ടിഫിക്കറ്റുകളാണ് വിദ്യ കരിന്തളത്ത് ഹാജരാക്കിയത്.
സര്‍ട്ടിഫിക്കറ്റിലെ സീലിലും ലോഗോയിലും സംശയം തോന്നിയ അഭിമുഖപാനല് കോളജുമായി ബന്ധപ്പെട്ടതോടെ കഴിഞ്ഞ 10 വര്‍ഷമായി മഹാരാജാസ് കോളജില്‍ ഗസ്റ്റ് അധ്യാപകരെ നിയമിച്ചിട്ടില്ലെന്ന് വ്യക്തമായി.
മഹാരാജാസ് കോളജ് പ്രിന്‍സിപ്പലാണ് വിദ്യയ്ക്കെതിരേ ആദ്യം പരാതി നല്‍കുന്നത്. പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസെടുത്ത കേസ് പിന്നീട് അഗളി പോലീസിന് കൈമാറുകയായിരുന്നു.
കേസില്‍ അഗളി പോലീസ് വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. പിന്നീട് നീലേശ്വരം പൊലീസും വിദ്യയെ അറസ്റ്റ് ചെയ്തിരുന്നു.