തിരുവനന്തപുരം: ശശി തരൂര്‍ എംപി തിരുവനന്തപുരത്തിന്റെ മനസിനെ സാധീനിച്ചെന്നും അവിടെ അടുത്ത കാലത്ത് മറ്റൊരാള്‍ക്ക് അവസരമുണ്ടാകുമോ എന്നു സംശയിക്കുന്നതായും മുതിര്‍ന്ന ബിജെപി നേതാവും മുൻ എംഎല്‍എയുമായ ഒ രാജഗോപാല്‍.
തിരുവനന്തപുരത്തു നടന്ന എൻ രാമചന്ദ്രൻ ഫൗണ്ടേഷൻ അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കവെയായിരുന്നു തരൂരിനെ പുകഴ്ത്തി രാജഗോപാല്‍ പ്രസംഗിച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ നിലപാടില്‍ മലക്കം മറിഞ്ഞ് അദ്ദേഹം രംഗത്തെത്തി.
തരൂരിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം ആലങ്കാരികം മാത്രമാണെന്നു അദ്ദേഹം വിശദീകരിച്ചു. വിഷയം വലിയ തോതില്‍ ചര്‍ച്ചയായതിനു പിന്നാലെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് നിലപാട് മാറ്റം. ഉദ്ദേശിച്ച രീതിയിലല്ല തന്റെ പ്രസംഗം വ്യാഖ്യാനിക്കപ്പെട്ടത്. തിരുവനന്തപുരത്ത് ബിജെപിക്കു വിജയ സാധ്യതയുണ്ടെന്നും രാജഗോപാല്‍ കുറിപ്പില്‍ തിരുത്തി.
ഫെയ്സ്ബുക്ക് കുറിപ്പ്
ഇന്ന് തിരുവനന്തപുരത്ത് നടന്ന എൻ.രാമചന്ദ്രൻ ഫൗണ്ടേഷൻ അവാര്‍ഡ് ദാന ചടങ്ങിനിടയില്‍ ഞാൻ നടത്തിയ പ്രസംഗത്തില്‍ തിരു: എം പി ശശി തരൂരിനെക്കുറിച്ച് നടത്തിയ പരാമര്‍ശം ഞാനുദ്ദേശിച്ച അര്‍ത്ഥത്തിലല്ല മാധ്യമങ്ങള്‍ വ്യാഖ്യാനിച്ചത്. ഒന്നില്‍ കൂടുതല്‍ തവണ വിജയിച്ചയാള്‍ എന്ന അര്‍ത്ഥത്തിലാണ് ഞാൻ സംസാരിച്ചത്. എന്നാല്‍ മാറിയ രാഷ്ട്രീയ സാഹചര്യത്തിലും, നരേന്ദ്ര മോഡി സര്‍ക്കാരിൻ്റെ പ്രവര്‍ത്തന മികവിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ കഠിനാധ്വാനം ചെയ്താല്‍ തിരുവനന്തപുരത്ത് ബി ജെ പിയ്ക്ക് വിജയിയ്ക്കുവാനുള്ള സാഹചര്യം നിലവിലുണ്ട്. മാത്രവുമല്ല നിലവില്‍ ശ്രീ.തരൂരിൻ്റെ മണ്ഡലത്തിലെ സാന്നിദ്ധ്യവും നാമ മാത്രമാണ് എന്നത് അദ്ദേഹത്തിൻ്റെ സാധ്യതയെ പ്രതികൂലമായി ബാധിയ്ക്കും. ഒരു പാലക്കാട്ട് കാരനെന്ന നിലയ്ക്ക് ആലങ്കാരികമായി നടത്തിയ അഭിപ്രായ പ്രകടനം മാത്രമാണ് പ്രസ്തുത പ്രസംഗത്തിലുള്ളത്…ബിജെ പി ഇത്തവണ തിരുവനന്തപുരത്ത് വിജയിയ്ക്കും എന്നതാണ് എൻ്റെ വ്യക്തിപരവും, രാഷ്ട്രീയവുമായ നിലപാട്.


