തിരുവനന്തപുരം : ബിജെപി അടുത്ത കാലത്തൊന്നും കേരളം ഭരിക്കാന്‍ പോകുന്നില്ലെന്ന് ബിജെപി നേതാവ് ഒ രാജഗോപാല്‍. നിയമസഭയില്‍ ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചയ്ക്കിടെയാണ് ഈ പരാമര്‍ശം. ‘ബിജെപി ഇതുവരെ കേരളം ഭരിച്ചിട്ടില്ല, ഇനി അടുത്തകാലത്തെങ്ങും ഭരിക്കാനും പോകുന്നില്ലെ’ന്നായിരുന്നു രാജഗോപാലിന്റെ പരാമര്‍ശം. ബില്ലിന്റെ ചര്‍ച്ചയില്‍ തൊട്ടുമുന്‍പ് സംസാരിച്ച എം രാജഗോപാലന്‍ രാജ്യത്തെ രൂക്ഷമായ തൊഴിലില്ലായ്മയെക്കുറിച്ച് സംസാരിച്ചിരുന്നു.
തൊട്ട് പിന്നാലെ ഇതിന് മറുപടി പറയുന്നതിനിടെയാണ് ബിജെപി അടുത്ത കാലത്തൊന്നും കേരളത്തില്‍ ഭരണത്തില്‍ വരാന്‍ പോകുന്നില്ലെന്ന കാര്യം തുറന്ന് പറഞ്ഞത്. ബിജെപി ഭരിക്കാത്ത കേരളത്തിലും തൊഴിലില്ലായ്മ രൂക്ഷമാണെന്ന് സ്ഥാപിക്കാനാണ് രാജഗോപാല്‍ ശ്രമിച്ചതെങ്കിലും ഉള്ളിലുള്ളത് പുറത്തുചാടുകയായിരുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ അധികാരം പിടിക്കുകയാണ് ലക്ഷ്യമെന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ബിജെപിയുടെ സംസ്ഥാനത്തെ ഏക എംഎല്‍എ ആയ ഒ രാജഗോപാലിന്റെ പരാമര്‍ശം.

