കൊച്ചി : കളമശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിനെ അത്താണിയിലെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുക്കുന്നു. ഈ വീട്ടില്‍ വച്ചാണ് പ്രതി ബോംബ് നിര്‍മിച്ചതും പരീക്ഷിച്ചതുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. അതേസമയം, കേസിലെ അന്വേഷണം ദുബായിലേക്കും നീട്ടും. ഇയാളുടെ ജോലി സ്ഥലത്ത് വിശദമായ അന്വേഷണം നടത്തുമെന്നും ഒരു വര്‍ഷത്തെ ഫോണ്‍ വിളികളും ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കുമെന്നും അന്വേഷണ സംഘം പറഞ്ഞു. എന്നാല്‍ എന്‍ഐഎയുടെ അന്വേഷണത്തില്‍ കേസില്‍ മറ്റാരുടെയും പങ്ക് കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
സ്ഫോടനങ്ങളുണ്ടാക്കിയത് തനിച്ചായിരുന്നുവെന്നും ആരുടെയും സഹായം ലഭിച്ചിരുന്നില്ലെന്നും ഡൊമിനിക് മാര്ട്ടിന് പൊലീസിനോട് നേരത്തെ വെളിപ്പെടുത്തിയിരുന്നു. കൊച്ചിയിലെ കടയില്‍ നിന്നാണ് സ്ഫോടക വസ്തുക്കള്‍ വാങ്ങിയതെന്നും ഇയാള്‍ മൊഴി നല്‍കിയിരുന്നു. യുഎപിഎ അടക്കമുള്ള ഗുരുതര വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഫെയ്സ്ബുക്ക് ലൈവില്‍ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഡൊമിനിക് മാര്ട്ടിന് കൊടകര പൊലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു.


