മലപ്പുറം: മുസ്ലിംലീഗ് സംസ്ഥാനപ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് ഓണക്കോടിയും ഓണാശംസകളുമായി ക്ഷേത്രംതന്ത്രിയുടെ പ്രതിനിധി സംഘം. മുതുവല്ലൂര്‍ ശ്രീദുര്‍ഗാ ഭഗവതീക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനല്ലൂര്‍ പത്മനാഭന് ഉണ്ണി നമ്പൂതിരിയുടെ പ്രതിനിധികളാണ് ഉത്രാടം നാളില്‍ പാണക്കാട്ടെത്തിയത്.
സാദിഖലി തങ്ങള്‍ക്ക് ഓണക്കോടിയും പാലടപ്രഥമനും ശര്‍ക്കരവരട്ടിയും ഉണ്ണിയപ്പവും സംഘം കൈമാറി. സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും വലിയ സന്ദേശമാണ് ഓണമായി നാം ഒരുമിച്ച് ആഘോഷിക്കുന്നതെന്ന് തന്ത്രിയുടെ ഓണസന്ദേശത്തില്‍ പറഞ്ഞു. ഈത്തപ്പഴം നല്കി സാദിഖലിതങ്ങള്‍ സംഘത്തെ സ്വീകരിച്ചു. ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളോടനുബന്ധിച്ചുള്ള ചടങ്ങില്‍ സാദിഖലി തങ്ങള്‍ നേരത്തെ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു.
ഒരുമയുടെയും സൗഹൃദത്തിന്റെയും ഓണാഘോഷം ഇക്കാലത്ത് ഏറെ പ്രസക്തമാണെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. വിഭജിക്കല്‍ പ്രോത്സാഹിപ്പിക്കുന്ന കാലത്ത് ഒരുമയുടെയും ഐക്യത്തിന്റെയും സന്ദേശമാണ് പകരേണ്ടതെന്നു പറഞ്ഞ അദ്ദേഹം എല്ലാവര്ക്കും ഓണാശംസ നേര്‍ന്നു. രാജ്യത്തിനു തന്നെ മാതൃകയായ, മതേതരരത്വത്തിന് പേരു കേട്ട തറവാട്ടിലെത്തി ഓണപ്പുടവ കൈമാറിയത് വലിയ സന്ദേശമാണെന്ന് മലബാര്‍ ദേവസ്വംബോര്‍ഡ് അംഗം കെ. ലോഹ്യ പറഞ്ഞു.
കെ. ലോഹ്യയുടെ നേതൃത്വത്തിലെത്തിയ സംഘത്തില്‍ ശങ്കരന് നമ്പീശന്, തലയൂര് ഇല്ലത്ത് വിനയരാജന്‍ മൂസത്, ശിവദാസന്‍ കിഴക്കേപ്പാട്ട്, പൊതുപ്രവര്ത്തകന് കെ.പി. നൗഷാദ് അലി, മുതുവല്ലൂര്‍ ദുര്‍ഗാഭഗവതി ക്ഷേത്രം ഭാരവാഹികളായ ചന്ദ്രന് പുല്ലുത്തൊടി, ശശി രാജന്, കെ.പി. ഗോപിനാഥന്, ബൈജു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
മുസ്ലിംലീഗ് ദേശീയ ജനറല്‍സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ., സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം, അഡ്വ. മുഹമ്മദ് ഷാ, അഹമ്മദ് സാജു എന്നിവരും സംഘത്തെ സ്വീകരിക്കാനെത്തി.


