കൊച്ചി: പി.വി. ശ്രീനിജിന്‍ എം.എല്‍.എ.യെ ജില്ലാ ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റായി തിരഞ്ഞെടുത്തു. മുന്‍ മന്ത്രി കെ. ബാബുവായിരുന്നു കഴിഞ്ഞ 16 വര്‍ഷമായി ജില്ലാ ഫുട്ബോള്‍ അസോസിയേഷന്റെ പ്രസിഡന്റ്.
സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ അധ്യക്ഷ മേഴ്സിക്കുട്ടനുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനം ശ്രീനിജിന്‍ ഒഴിയേണ്ടി വന്നിരുന്നു. ഗ്രൗണ്ട് പൂട്ടിയതിനെ തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ സെലക്ഷന് ട്രയല്‍സില്‍ പങ്കെടുത്ത കുട്ടികള്‍ക്കുണ്ടായ ബുദ്ധിമുട്ടുകളെ ചൊല്ലിയുണ്ടായ വിവാദത്തിന്റെ തുടര്‍ച്ചയായിരുന്നു ഇത്. ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിനു ലഭിക്കേണ്ട വാടക കുടിശ്ശിക നല്‍കിയില്ലെന്ന് ആരോപിച്ച് ശ്രീനിജിന്റെ നിര്‍ദേശപ്രകാരം ഗ്രൗണ്ട് പൂട്ടിയെന്നായിരുന്നു ആരോപണം. ഈ വിവാദങ്ങള്‍ കെട്ടടങ്ങിയ ഉടനെയാണ് ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റായി ശ്രീനിജിന്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
വിജു ചൂളയ്ക്കലാണ് ജില്ലാ ഫുട്ബോള്‍ അസോസിയേഷന് സെക്രട്ടറി. മറ്റ് ഭാരവാഹികള്‍: സി.സി. ജേക്കബ്, ജോസ് ലോറന്‍സ്, കെ. ഗോകുലന്, ഉമ്മര്‍ എന്‍., വി.പി. ചന്ദ്രന് (വൈസ് പ്രസി.), കെ.എ. നാസര്‍, എസ്.എസ്. നൗഷാദ് (ജോ.സെക്ര.), ദിനേഷ് കമ്മത്ത് (ട്രഷ.). യോഗത്തില്‍ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലംഗം ജോര്‍ജ് തോമസ് നിരീക്ഷകനായി. നാല് വര്‍ഷമാണ് ഭരണസമിതിയുടെ കാലാവധി.


