തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ അപകട മരണം ആസൂത്രിത കൊലപാതകമെന്ന് സൂചന. ഡ്രൈവറുടെ മൊഴികളാണ് സംശയം ബലപ്പെടുത്തിയത്. ഇത് സംബന്ധിച്ച് സംസ്ഥാന പൊലിസ് മേഥാവിക്ക് പിതാവ് സി.കെ ഉണ്ണി പരാതി നല്കി.
കഴിഞ്ഞ 10 വര്‍ഷമായി ബാലഭാസ്ക്കറിന് കോടികളുടെ സാമ്പത്തിക ഇടപാടുള്ള പാലക്കാട്ടെ ഒരു കുടുംബവുമായി ബന്ധപ്പെട്ടാണ് പരാതി. ആയുര്‍വ്വേദ ഡോക്ടറുടെ കുടുംബവുമായാണ് ബന്ധമുണ്ടായിരുന്നത്. ഈ കുടുംബത്തിലെ അംഗമായ ഡ്രൈവര്‍ അര്ജ്ജുന് ആണ് അപകട സമയത്ത് കാറോടിച്ചിരുന്നത് എന്നാല്‍ തുടക്കത്തില്‍ കാറോടിച്ചിരുന്നത് ബാലഭാസ്ക്കറായിരുന്നുവെന്നാണ് അര്ജുന് നല്കിയ മൊഴി. പിന്നീട് അര്‍ജ്ജുനാണ് വണ്ടിയോടിച്ചിരുന്നത് എന്ന് ഭാര്യ ലക്ഷ്മിയുടെ മൊഴി പുറത്തുവന്നതോടെയാണ് സംശയം ബലപ്പെട്ടത്.

മൊഴിയിലെ ഈ വൈരുദ്ധ്യങ്ങളാണ് സംശയത്തിനിടയാക്കിയത്. ഇത് അപകടവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പിതാവിന്റെ പരാതിയില്‍ പറയുന്നു.

വിവാഹനാളില്‍ ബാലഭാസ്ക്കറും ലക്ഷ്മിയും
ഒരു പരിപാടിക്കുശേഷം ബാലഭാസ്ക്കറിന് വജ്രമോതിരം നല്‍കിയാണ് ബന്ധം സ്ഥാപിക്കുന്നത്. പിന്നീട് കോടികളുടെ സാമ്പത്തിക ബന്ധം അവരുമായുണ്ടായി. ഈ സാമ്പത്തിക ഇടപാട് അന്വേഷിക്കണം. തൃശൂരില്‍ നിന്ന് തിരക്കിട്ട് തിരുവനന്തപുരത്ത് എത്തേണ്ട അത്യാവശ്യം ബാലഭാസ്ക്കറിന് ഉണ്ടായിരുന്നില്ലെന്നും പിതാവ് പറഞ്ഞു. ഒക്ടോബര്‍ രണ്ടിനാണ് ബാലഭാസ്ക്കര്‍ മരണത്തിന് കീഴടങ്ങുന്നത്. അപകടം നടന്ന് ഒരാഴ്ച്ചക്കു ശേഷമാണ് മരിക്കുന്നത്. സംഭവസ്ഥലത്തുതന്നെ മകള്‍ തേജസ്വിനി മരിച്ചിരുന്നു.


