ബെംഗളൂരു: കര്‍ണാടകയില്‍ സിദ്ധരാമയ്യ തന്നെ അടുത്ത മുഖ്യമന്ത്രിയാകും. ഡി കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയുമാകും. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍ സോണിയാ ഗാന്ധിയുടെ ഇടപെടലിലാണ് മഞ്ഞുരുകിയത്. ഈ മാസം 20ന് ബെംഗളൂരുവില്‍ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കും.
ഇന്ന് വൈകിട്ട് ഏഴ് മണിക്ക് നിയമസഭാകക്ഷി യോഗം വിളിച്ചിട്ടുണ്ട്. എല്ലാ എംഎല്‍എമാരും യോഗത്തിനെത്തണമെന്നാണ് നിര്‍ദേശം. ബെംഗളൂരുവില്‍ ചേരുന്ന നിയമസഭാകക്ഷി യോഗം സിദ്ധരാമയ്യയെ നേതായി തിരഞ്ഞെടുക്കും. മൂന്ന് ദിവസം നീണ്ട അനിശ്ചിതത്വങ്ങള്‍ക്കാണ് ഹൈക്കമാന്റിന്റെ ഇടപെടലോടെ പരിഹാരമായത്.
സിദ്ധരാമയ്യ ആദ്യ രണ്ടര വര്‍ഷവും ശേഷം ഡി കെ ശിവകുമാറും മുഖ്യമന്ത്രിയാകും. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ന് മാധ്യമങ്ങളെ കണ്ട് മുഖ്യമന്ത്രിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും.