മലപ്പുറം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന് മാമുക്കോയയുടെ ആരോഗ്യനിലയില്‍ പുരോഗതി. മലപ്പുറം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലായിരുന്ന മാമൂക്കോയയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് ഐസിയു ആംമ്പുലന്‍സില്‍ മാമൂക്കോയയെ മാറ്റിയത്.
ഇന്നലെ കാളികാവ് പൂങ്ങോടില്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടന ചടങ്ങിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.വണ്ടൂര്‍ പൂങ്ങോട് അഖിലേന്ത്യാ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനത്തിന് എത്തിയ നടന് മാമുക്കോയക്ക് ഇന്നലെ രാത്രി 8.30 ഓടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കാണികള്‍ക്കൊപ്പവും മറ്റും ഫോട്ടോ എടുക്കുന്നതിനിടെ ക്ഷീണം അനുഭവപ്പെടുകയും തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയിരുന്നു.
തലച്ചോറിലേക്കുള്ള രക്തസമ്മര്‍ദ്ദം വര്‍ധിച്ചതാണ് കാരണമെന്നും കാര്‍ഡിയോളജി വിഭാഗത്തിന്റെ അടക്കം നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. രാത്രി പതിനൊന്നര മണിയോടെ ബന്ധുക്കള്‍ ആശുപത്രിയിലെത്തി. തുടര്‍ന്ന് അദ്ദേഹത്തിന് പതിവ് ചികിത്സ നല്കുന്ന കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. പുലര്‍ച്ചെ രണ്ടു മണിയോടെ മാമുക്കോയയെ വണ്ടൂരില്‍ നിന്നു ആംബുലന്‍സില്‍ കോഴിക്കോട്ടേക്ക് കൊണ്ടുപോയി. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.


