തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ബജറ്റ് അവതരണം ഇന്ന്. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ രാവിലെ 9ന് ബജറ്റ് നിയമസഭയില്‍ അവതരിപ്പിക്കും. 15000 കോടിയുടെ വരുമാന വര്‍ധനവാണ് ബഡ്ജറ്റിലൂടെ പിണറായി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഭൂനികുതിയിലും ഭൂമിയുടെ ന്യായവിലയിലും വര്‍ധനവ് പ്രതീക്ഷിക്കുന്ന ബജറ്റില്‍ ക്ഷേമ പെന്ഷന് വര്‍ധിപ്പിക്കാനുള്ള വഴികളും സര്‍ക്കാര്‍ തേടുന്നുണ്ട്. കഴിഞ്ഞ തവണത്തെ പോലെ തന്നെ ഇത്തവണയും സംസ്ഥാന ബജറ്റ് പേപ്പര്‍ രഹിതമായിരിക്കും. കടലാസ് രഹിത ബജറ്റ് ആയതിനാല്‍ തന്നെ വിവരങ്ങളും രേഖകളും ലഭ്യമാക്കാനായി സംസ്ഥാന സര്‍ക്കാര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചിട്ടുണ്ട്.
മന്ത്രി കെ.എന്‍ ബാലഗോപാലിന്റെ രണ്ടാമത്തെ സമ്പൂര്‍ണ ബഡ്ജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നിര്‍ദേശങ്ങള്‍ക്കായിരിക്കും ബഡ്ജറ്റില്‍ ഊന്നല്‍ നല്‍കുക. വിവിധ ഫീസുകളിലും പിഴകളിലും വര്‍ധനവുണ്ടാകാനും സാധ്യതയുണ്ട്. കേന്ദ്രത്തില്‍ നിന്നു കിട്ടിക്കൊണ്ടിരുന്ന തുകയില്‍ 25,000 കോടിയെങ്കിലും അടുത്ത വര്‍ഷം കുറവ് വരുമെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്. ഇത് നികത്തുന്നതിന് പരമാവധി വരുമാനം ബജറ്റില്‍ ഉറപ്പാക്കും.
ഭൂമിയുടെ രജിസ്ട്രേഷന് ഫീസ് ഉയര്‍ത്തിയേക്കും. ഇത്തവണത്തെ ബഡ്ജറ്റില്‍ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചേക്കില്ലെന്നാണ് സൂചന. ജി.എസ്.ടിയിലൂടെ ഇന്ത്യയില്‍ നികുതി ഏകീകരണം വന്നതിന് ശേഷം, സംസ്ഥാന ധനമന്ത്രിമാര്‍ക്ക് വലിയ സ്വാതന്ത്ര്യം ബഡ്ജറ്റിലില്ലെന്ന് ധനമന്ത്രി പറഞ്ഞു. നികുതിയേതര വിഭാഗങ്ങളില്‍ അല്പം പരിഷ്കാരങ്ങള്‍ വരുത്തി വരുമാനം കൂട്ടാനും, പുതിയ ഡിജിറ്റല്‍ സംവിധാനങ്ങള്‍ വഴി കൂടുതല്‍ നികുതി പിരിച്ചെടുക്കാനുമാണ് ലക്ഷ്യമിടുന്നത്.
സ്ത്രീകളുടെ ഉന്നമനത്തിനും സ്ത്രീ പുരുഷ തുല്യതയ്ക്കും പ്രാധാന്യം നല്കുന്ന ഒട്ടേറെ പദ്ധതികള്‍ ഇന്ന് ബജറ്റില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി ആയതിനാല്‍ കിഫ്ബി വഴി വന്‍കിട പദ്ധതി പ്രഖ്യാപനങ്ങള്‍ക്ക് സാധ്യതയില്ല. കൃഷിയടക്കം അടിസ്ഥാന സൗകര്യ മേഖലകളും ബജറ്റ് പ്രത്യേകം പരിഗണിക്കും.


