യുവസംവിധായിക നയനാ സൂര്യന്റെ ദുരൂഹമരണം പുനഃരന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുക്കലിലേക്ക് കടക്കുന്നു. ഉടന്‍തന്നെ പുതിയ ഫയല്‍ തുറന്ന് അന്വേഷണത്തിലേക്ക് കടക്കുമെന്ന് സംഘത്തലവനായ ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്.പി. എസ്. മധുസൂദനന് അറിയിച്ചു.
ഫയലുകള്‍ പഠിച്ച 13 അംഗ ക്രൈംബ്രാഞ്ച് സംഘം പല സംഘങ്ങളായി തിരിഞ്ഞ് ചര്‍ച്ച നടത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ എല്ലാവരും ഒരുമിച്ചുള്ള യോഗം ചേരും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മൊഴിയെടുക്കലിലേക്ക് കടക്കും.
നയനയുടെ മരണശേഷം ആദ്യം മൊഴിനല്‍കിയ സഹോദരന് മധു, നയന മരിച്ചുകിടന്ന മുറിയില്‍ ആദ്യം പ്രവേശിച്ച മൂന്നു സുഹൃത്തുക്കള്‍ തുടങ്ങിയവരുടെ പുതിയ മൊഴിയാണ് ആദ്യം ശേഖരിക്കുക. ആദ്യഘട്ട അന്വേഷണം നടത്തി കേസ് അവസാനിപ്പിക്കാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ സംഘം വിശദമായി ചോദ്യംചെയ്യും. ഇവരുടെ മൊഴികള്‍ കേസില്‍ നിര്‍ണായകമാണ്.
അതേസമയം നയന സൂര്യന്റെ ദുരൂഹ മരണത്തിന് പൊലീസിന് വന്‍ വീഴ്ച സംഭവിച്ചെന്ന് സൂചന. ആദ്യ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥന് നിലവിലെ പ്രത്യേക അന്വേഷണ സംഘത്തിലും ഉള്‍പ്പെട്ടു. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ക്രിസ്റ്റഫര്‍ ഷിബു രണ്ടാമത്തെ അന്വേഷണ സംഘത്തിലും ഉണ്ട്. ഷിബു മ്യൂസിയം സ്റ്റേഷനിലായിരുന്നപ്പോള്‍ നയന കേസ് അന്വേഷിച്ചിരുന്നു. ആത്മഹത്യയെന്ന നിഗമനത്തിലെത്തിയത് ഷിബു അടങ്ങിയ സംഘം ആണ്. നിലവില്‍ ക്രൈംബ്രാഞ്ചിലാണ് ഷിബു.
മരണ സമയത്ത് നയന സൂര്യ ധരിച്ചിരുന്ന വസ്ത്രങ്ങളും പുതപ്പും കാണാതായിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലെടുത്തവയാണ് ഇപ്പോള്‍ കാണാതായിരിക്കുന്നത്. ഫൊറന്‍സിക പരിശോധനക്കായി ഇവ നല്‍കിയിട്ടുണ്ടോ ഫൊറന്‍സിക് ലാബില്‍ ഇവ ഉണ്ടോ എന്നതില്‍ ഇപ്പോള്‍ അന്വേഷണം നടക്കുന്നുണ്ട്.
ജനുവരി അഞ്ചിനാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. 2019 ഫെബ്രുവരി 24-നാണ് നയനാ സൂര്യനെ താമസസ്ഥലത്തെ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഷുഗര്‍നില താഴ്ന്ന് പരസഹായം കിട്ടാതെ മരിച്ചെന്നായിരുന്നു മ്യൂസിയം പോലീസിന്റെ റിപ്പോര്‍ട്ട്.


