വയനാട്: വാകേരിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. കടുവയുടെ ജഡം പോസ്റ്റ്മോര്‍ട്ടത്തിനായി വനം വകുപ്പിന്റെ ലാബിലേക്ക് കൊണ്ടുപോയി. വ്യാഴാഴ്ച്ചയാണ് പിന് കാലിന് ഗുരുതരമായി പരുക്കേറ്റ കടുവയെ വാകേരി ഗാന്ധിനഗറിലെ ജനവാസ കേന്ദ്രത്തില്‍ കണ്ടെത്തിയത്. പിടികൂടാന്‍ പലവഴിയും നോക്കിയെങ്കിലും പരാജയപ്പെടുകയായിരുന്നു. പിന്നാലെ ഇന്ന് ചത്ത നിലയില്‍ കണ്ടെത്തി. ആറു വയസ്സ് പ്രായമുള്ള പെണ്‍കടുവയാണ് ചത്തത്. പരുക്കില്‍ നിന്നുള്ള അണുബാധയാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
മൂന്ന് ദിവസമായി വാകേരി ഗാന്ധിനഗറിലെ ജനങ്ങള്‍ കടുവ ഭീതിയിലായിരുന്നു. വ്യഴാഴ്ച രാവിലെ റോഡരികില്‍ കണ്ടെത്തിയ കടുവയ്ക്ക് വലത് കാലിന് ഗുരുതര പരുക്കേറ്റിരുന്നു. കടുവയെ വനത്തിലേക്ക് തുരത്താന്‍ വനപാലകര്‍ നീക്കം നടത്തിയെങ്കിലും പരാജയപ്പെട്ടു. പിന്നാലെ മയക്കുവെടി വെക്കാനുള്ള വനം വകുപ്പിന്റെ നീക്കവും വിഫലമായി. ഇതിന് പിന്നാലെ ഇന്ന് രാവിലെ നാരായണപുരം എസ്റ്റേറ്റിലാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്.
ജനവാസ മേഖലയിലിറങ്ങിയ കടുവ അമ്പലവയലില്‍ രണ്ട് ആടുകളെ ആക്രമിച്ച് കൊന്നിരുന്നു. പുലര്‍ച്ചെ ജോലിക്കിറങ്ങിയ ടാക്സി ഡ്രൈവറാണ് കടുവയെ ആദ്യം കണ്ടത്. വാകേരി- പാപ്പിളശ്ശേരി റോഡില്‍ കണ്ട കടുവ അവശ നിലയിലായിരുന്നു. തൊട്ടടുത്ത കാപ്പി തോട്ടത്തിലേക്ക് ഇറങ്ങിയ കടുവ മണിക്കൂറുകളോളം അവിടെ ഉണ്ടായിരുന്നു. സംഭവത്തെ തുടര്‍ന്ന് ആര്‍ആര്‍ടി ഉള്‍പ്പെടെ വനപാലക സംഘം പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി.
അതിനിടെ കടുവ വീണ്ടും തോട്ടത്തിന് ഉള്‍വശത്തേക്ക് കടന്നു. ഇന്നലെ രാവിലെ അമ്പലവയല്‍ മാങ്കൊമ്പിലായിരുന്നു കടുവ ആടുകളെ ആക്രമിച്ച് കൊന്നത്. മാഞ്ഞൂ പറമ്പില്‍ ബേബിയുടെ ഒരു വയസ് പ്രായമുള്ള രണ്ട് ആടുകളെയാണ് കടുവ കൊന്നു തിന്നത്.
വനത്തിനകത്ത് വന്യജീവികള്‍ തമ്മിലുണ്ടായ ആക്രമണങ്ങളിലാകാം കടുവയക്ക് പരുക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. ബത്തേരി കുപ്പാടിയിലെ വനംവകുപ്പ് ലാബിലേക്ക് ജഡം മാറ്റി. ചീഫ് വെറ്റിനറി ഓഫിസര്‍ ഡോ അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ വിദഗ്ധ സംഘം പോസ്റ്റ്മോര്‍ട്ടം നടത്തി ജഡം സംസ്കരിക്കും.