ഉസ്ബെക്കിസ്ഥാനില്‍ 18 കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട ചുമ സിറപ്പിന്റെ നിര്‍മ്മാണം മരിയോണ്‍ ബയോടെക് ഫാര്‍മ നിര്‍ത്തിവച്ചതായി കമ്പനിയുടെ നിയമ മേധാവി ഹസന് ഹാരിസ്. മരണങ്ങളില്‍ ഖേദിക്കുന്നു, സര്‍ക്കാര്‍ അന്വേഷണം നടത്തുകയാണ്. റിപ്പോര്‍ട്ട് അനുസരിച്ച് നടപടിയെടുക്കുമെന്നും ഹസന് ഹാരിസ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
ഇന്ത്യന്‍ നിര്‍മ്മിത സിറപ്പ് കഴിച്ച 18 കുട്ടികള്‍ മരിച്ചെന്ന് ഉസ്ബെക്കിസ്താന് ആരോഗ്യമന്ത്രാലയമാണ് ആരോപണമുന്നയിച്ചത്. വിഷയം പരിശോധിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഡി.സി.ജി.ഐക്ക് നിര്‍ദേശം നല്കി.
മരിയോണ്‍ ബയോടെക് നിര്‍മ്മിച്ച ഡോക്-1 മാക്സ് സിറപ്പ് കഴിച്ച കുട്ടികള്‍ മരിച്ചെന്നാണ് ഉസ്ബക്കിസ്ഥാന് ആരോഗ്യ മന്ത്രാലയത്തിന്റെ ആരോപണം. കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ച 21 ല്‍ 18 കുട്ടികളും ഡോക്-1 മാക്സ് സിറപ്പ് കഴിച്ചു. കഫ് സിറപ്പില്‍ എഥിലീന്‍ ഗ്ലൈക്കോള്‍ എന്ന വിഷപദാര്‍ഥത്തിന്റെ സാന്നിധ്യം കണ്ടെത്തിയെന്നും ആരോപണമുണ്ട്. സംഭവത്തില്‍ ഡി.സി.ജി.ഐ മരിയോണ്‍ ബയോടെക്കില്‍ നിന്ന് റിപ്പോര്‍ട്ട് തേടി.
മരണപ്പെട്ട കുട്ടികള്‍ കുറിപ്പടി ഇല്ലാതെ ഉയര്‍ന്ന അളവില്‍ മരുന്ന് കഴിച്ചതായും ആരോഗ്യമന്ത്രാലയം. പ്രസ്താവനയില്‍ പറയുന്നു. പ്രാഥമിക പരിശോധനകളില്‍ സിറപ്പിന്റെ ഒരു പ്രത്യേക ബാച്ചിലാണ് എഥിലീന്‍ ഗ്ലൈക്കോള്‍ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. പദാര്‍ത്ഥം വിഷാംശമുള്ളതാണെന്നും കഴിക്കുന്നത് ഛര്‍ദ്ദി, ബോധക്ഷയം, ഹൃദയാഘാതം, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍, വൃക്ക തകരാറുകള്‍ എന്നിവയ്ക്ക് കാരണമാകുമെന്നും പ്രസ്താവനയില്‍ പറയുന്നു.


