ചൈനയെ ഭീതിയിലാഴ്ത്തി വീണ്ടും കോവിഡ് 19 മരണങ്ങള്. 142 കോടിയിലധികം ജനങ്ങളുള്ള ചൈനയില്‍ ഡിസംബര്‍ 19 ന് മാത്രം റിപ്പോര്‍ട്ട് ചെയ്തത് അഞ്ച് മരങ്ങളാണ്. ഇതോടെ ചൈനയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,242 ആയി. ഡിസംബര്‍ മൂന്നിന് ശേഷം രാജ്യത്ത് ദേശീയ ആരോഗ്യ കമ്മീഷന് (NHC) റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് 19 മരണങ്ങളാണിത്. കോവിഡ് മൂലമുണ്ടാകുന്ന മരണങ്ങളുടെ ഔദ്യോഗികമായ കണക്കുകള്‍ സര്‍ക്കാര്‍ പുറത്ത് വിടുന്നുണ്ടോ എന്ന സംശയം നിലനില്‍ക്കുന്നതിനിടെയാണ് ഇത്. 2,722 പുതിയ കോവിഡ് കേസുകളാണ് ഡിസംബര്‍ 19 ന് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
കൊവിഡ് നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞ സാഹചര്യത്തില്‍ ചൈനയില്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷത്തിലധികം ആളുകള്‍ വൈറസ് ബാധയില്‍ മരിക്കുമെന്നാണ് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് മെട്രിക്സ് ഇവാലുവേഷന്‍ കണക്കാക്കുന്നത്. ഇവരുടെ കണക്കുകൂട്ടല്‍ പ്രകാരം 2023 ഏപ്രില്‍ ഒന്നോടെ ചൈനയില്‍ കൊവിഡ് വ്യാപനം അതിന്റെ ഏറ്റവും രൂക്ഷമായ അവസ്ഥയില്‍ എത്തുമെന്നും മരണം 3,22,000 ല്‍ എത്തുമെന്നും ഇവര്‍ പ്രവചിക്കുന്നുണ്ട്. ഈ സമയമാകുമ്പോഴേക്കും ചൈനയുടെ ജനസംഖ്യയിലെ മൂന്നിലൊന്ന് പേരേയും രോഗം ബാധിക്കുമെന്നും ഇവര്‍ വിലയിരുത്തുന്നു.
അതേസമയം, ഈ ശൈത്യകാലത്ത് പ്രതീക്ഷിക്കുന്ന മൂന്ന് കോവിഡ് -19 തരംഗങ്ങളില്‍ ആദ്യത്തേതിന്റെ ആഘാതം ചൈനയെ പിടിമുറുക്കാന്‍ തുടങ്ങി എന്നാണ് ചീഫ് എപ്പിഡെമിയോളജിസ്റ്റ് വു സുന്‍യു പറഞ്ഞത്. തലസ്ഥാനത്ത് വൈറസ് അതിവേഗം പടരുന്നതായി ബീജിംഗ് സിറ്റി ഉദ്യോഗസ്ഥന് സൂ ഹെജിയാനും വ്യക്തമാക്കി.
ഒമിക്റോണ്‍ വകഭേദമാണ് ഇപ്പോള്‍ രാജ്യത്ത് പടരുന്നത് എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. അതേസമയം, നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തിയെങ്കിലും പല നഗരങ്ങളിലും മുന്പനുഭവപ്പെട്ടിരുന്ന തിരക്ക് കാണാനാകുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതിവേഗം പടരുന്ന ഒമിക്രോണ്‍ ജനങ്ങളുടെയുള്ളില്‍ ഭീതി സൃഷ്ടിക്കുന്നതാണ് പുറത്തിറങ്ങുന്നതില്‍ നിന്നും ആളുകളെ തടയുന്നത്