മോഷ്ടിച്ച ബൈക്കിലെത്തി മാല പൊട്ടിച്ച കേസിലെ പ്രതികള്‍ പിടിയില്‍. തിരുവനന്തപുരം വെട്ടുകാട് സ്വദേശികളായ അനൂപ് ആന്റണി, സഞ്ചു എന്നിവരാണ് പിടിയിലായത്. സി.സി.ടി.വി ക്യാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
കഴിഞ്ഞ ദിവസമാണ് കഴക്കൂട്ടം ജംഗ്ഷനു സമീപം നീതി മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരന്റെ ബൈക്ക് പ്രതികള്‍ മോഷ്ടിച്ചത്. തുടര്‍ന്ന് തുമ്പയില്‍ എത്തിയ ഇവര്‍ റോഡിലൂടെ നടന്നു പോവുകയായിരുന്ന വയോധികയുടെ സ്വര്‍ണ്ണമാലയും കവര്‍ന്നു.
സമാന രീതിയില്‍ മോഷണം നടത്തുന്നവരെ കേന്ദ്രീകരിച്ചായിരുന്നു ആദ്യം പോലീസ് അന്വേഷണം. പിന്നീട് സി.സി.ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെ പ്രതികളെ തിരിച്ചറിഞ്ഞു. പേട്ട, വഞ്ചിയൂര്‍, വലിയതുറ, തമ്പാനൂര്‍, ഫോര്‍ട്ട് സ്റ്റേഷനുകളിലായി മുപ്പതോളം മോഷണക്കേസുകളില്‍ പ്രതികളാണിവര്‍.
ഒന്നാം പ്രതിയായ അനൂപ് ആന്റണി മുന്‍പ് രണ്ടു തവണ പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടിട്ടുണ്ട്. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. ഇന്ന് ഇരുവരെയും സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.


