രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് സിപിഐഎം. ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ യാത്രയ്ക്ക് കഴിയുമെന്നാണ് സിപിഐഎം കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശം. കോണ്‍ഗ്രസിനെ ഏകീകരിക്കാനും രക്ഷിക്കാനുമുള്ള ശ്രമമാണ് ഭാരത് ജോഡോ യാത്രയെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഒക്ടോബര്‍ 29 മുതല്‍ 31 വരെ നടന്ന കേന്ദ്രകമ്മിറ്റി യോഗത്തിലെ ചര്‍ച്ചയില്‍ അംഗീകരിച്ച രാഷ്ട്രീയ രേഖയിലാണ് രാഹുലിന്റെ ഭാരത് ജോഡോ യാത്രയെ പുകഴ്ത്തുന്നത്.
‘രാഹുല്‍ ഗാന്ധി നയിക്കുന്ന കന്യാകുമാരിയില്‍ നിന്നും ശ്രിനഗര്‍ വരെയുള്ള നൂറ്റമ്പത് ദിവസത്തെ ഭാരത് ജോഡോ യാത്രക്ക് തെക്കെ ഇന്ത്യയില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്. ഇനി ബിജെപിക്ക് കൂടുതല്‍ സ്വാധീനമുള്ള പ്രദേശങ്ങളിലെ ജനങ്ങളില്‍ നിന്നും യാത്രക്ക് ഏത് രീതിയിലുള്ള പ്രതികരണമാകും ലഭിക്കുകയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. ആഭ്യന്തര പ്രശ്നങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്നും പല നേതാക്കളും ബിജെപിയിലേക്ക് ചേക്കേറുന്ന ഈ സമയത്ത് പാര്‍ട്ടിയെ ഒന്നിപ്പിക്കാനുള്ള ശ്രമമായി ഈ യാത്രയെ കാണുന്നുവെന്നുമാണ് കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശം.
ഭാരത് ജോഡോ യാത്രയെ നേരത്തെ സിപിഎമ്മിന്റെ കേരളാ നേതാക്കള്‍ വിമര്‍ശിച്ചിരുന്നു. കണ്ടെയ്നര്‍ യാത്രയെന്നടക്കമുള്ള പരിഹാസങ്ങളാണ് യുവ നേതാക്കളില്‍ പ്രമുഖനായ എം സ്വരാജ് അടക്കം നടത്തിയത്. എംവി ഗോവിന്ദന് അടക്കമുള്ള നേതാക്കളില്‍ നിന്നും യാത്രക്കെതിരെ വിമര്‍ശന സ്വരമുയര്‍ന്നിരുന്നു.


