സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാംഘട്ട ലഹരി വിരുദ്ധ ക്യാമ്പയിന് ഇന്ന് തുടക്കമാകും. ജനുവരി 26 വരെ നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികളാണ് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ആവിഷ്കരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ശിശുദിന സന്ദേശത്തോടെയാണ് ക്യാമ്പയിന് തുടക്കമാകുക. ഇന്നു മുതല്‍ റിപബ്ലിക് ദിനം വരെ നീണ്ടു നില്‍ക്കുന്നതാണ് രണ്ടാം ഘട്ട ക്യാമ്പയിന്.
രാവിലെ 11 മണിക്ക് കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴി മുഖ്യമന്ത്രിയുടെ സന്ദേശം സ്കൂളുകളിലും കോളജുകളിലും പ്രദര്‍ശിപ്പിക്കും. എക്സൈസ് വിദ്യാഭ്യാസ വകുപ്പുകള്‍ ചേര്‍ന്ന് സ്കൂള്‍ കുട്ടികള്‍ക്കായി തയ്യാറാക്കിയ ‘തെളിവാനം വരയ്ക്കുന്നവര്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിക്കും.
ഒന്നാംഘട്ട ക്യാമ്പയിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി രണ്ടാംഘട്ട ക്യാമ്പയിനും പ്രഖ്യാപിച്ചിരുന്നു. പുസ്തക വിതരണത്തിലൂടെ 65 ലക്ഷം കുടുംബങ്ങളിലേക്ക് ലഹരി വിരുദ്ധ സന്ദേശം എത്തിക്കും. ക്ലാസ് അടിസ്ഥാനത്തില്‍ സ്കൂളുകളിലും കോളജുകളിലും ലഹരിവിരുദ്ധ സഭകള്‍ ചേരും.