ബലാത്സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫിസില്‍ ഹാജരായി. എല്‍ദോസിന്റെ അറസ്റ്റ് രേഖപ്പെടുത്തും. അതേസമയം ബലാത്സംഗ കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ പരാതിക്കാരിയെ നവമാധ്യമങ്ങള്‍ വഴി ആക്ഷേപിച്ചുവെന്ന പരാതിയില്‍ മറ്റൊരു കേസ് കൂടി പേട്ട പൊലീസ് എല്‍ദോസിനെതിരെ എടുത്തിട്ടുണ്ട്. കെപിസിസി അച്ചടക്ക നടപടിയിലും ഇന്ന് തീരുമാനം വന്നേക്കും.
എല്‍ദോസിന് ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചുവെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങണമെന്നായിരുന്നു കോടതി ഉത്തരവ്. എല്‍ദോസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനയും തെളിവെടുപ്പും നടത്തും. പത്തു ദിവസം അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യപ്പെട്ടാല്‍ ഹാജരാകാനാണ് കോടതി നിര്‍ദ്ദേശം. എല്‍ദോസ് അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്ന് അഭിഭാഷകന് അഡ്വക്കേറ്റ് കുറ്റിയാനി സുധീര്‍ വ്യക്തമാക്കി. മൊബൈല്‍, പാസ്പോര്‍ട്ട് എന്നിവ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.


