ചെന്നൈ: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹവുമായി എയര്‍ ആംബുലന്‍സ് ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടു. കോടിയേരിയുടെ ഭാര്യ വിനോദിനി, മകന് ബിനീഷ്, മരുമകള്‍ റിനീറ്റ എന്നിവരും എയര്‍ ആംബുലന്‍സിലുണ്ട്. മൃതദേഹം ഉച്ചയോടെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തും.
റെഡ് വോളണ്ടിയര്‍മാരും നേതാക്കളും കണ്ണൂര്‍ വിമാനത്താവളത്തിലെത്തി. തുറന്ന വാഹനത്തില്‍ വിലാപയാത്രയായി തലശ്ശേരി ടൗണ്‍ ഹാളില്‍ മൃതദേഹം എത്തിക്കും. പതിനാല് കേന്ദ്രങ്ങളില്‍ ജനങ്ങള്‍ക്ക് ആദര്‍മര്‍പ്പിക്കാന്‍ വിലാപയാത്ര നിര്‍ത്തും. കോടിയേരിക്ക് അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ നേതാക്കള്‍ കണ്ണൂരിലേക്കെത്തും. പ്രതിപക്ഷ നേതാവ് ഉള്‍പ്പടെയുള്ളവരും കണ്ണൂരിലെത്തും. സംസ്ക്കാരം നാളെ വൈകിട്ട് പയ്യാമ്പലത്ത് മൂന്ന് മണിക്ക് നടക്കും.
ഇന്നലെ രാത്രി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ വെച്ചാണ് കോടിയേരി അന്തരിച്ചത്. ദീര്‍ഘനാളായി അര്‍ബുദ ബാധിതനായിരുന്നു. കര്‍ക്കശക്കാരായ കമ്യൂണിസ്റ്റുകള്‍ക്കിടയില്‍ എന്നും സൗമ്യനും, സമവായ അന്വേഷകനുമായിരുന്നു സിപിഎം പിബി അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി. മൂന്ന് തവണയാണ് സംസ്ഥാന സെക്രട്ടറിയായി സിപിഎമ്മിനെ കോടിയേരി നയിച്ചത്. അഞ്ചുതവണ തലശ്ശേരിയില്‍ നിന്ന് എംഎല്‍എയായി.
ഓണിയന്‍ സ്കൂളില്‍ എട്ടാംക്ലാസ് മുതല്‍ കോടിയേരി കൊടിപിടിച്ച് തുടങ്ങിയിരുന്നു. ബാലസംഘം നേതാവാകേണ്ട പ്രായത്തിലാണ് കോടിയേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാകുന്നത്. അടിയന്തരാവസ്ഥാ കാലത്ത് അന്നത്തെ പ്രമുഖര്‍ക്കൊപ്പമുള്ള ജയില്‍ക്കാലം സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള പരിശീലന കളരിയായി.
ഇരുപതാം വയസില്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായതോടെ കോടിയേരിയും കണ്ണൂരും കടന്ന് ബാലകൃഷ്ണന് വളര്‍ന്നു. 1982 ല്‍ തലശേരി എംഎല്‍എ ആയി. തോല്‍വിയറിയാതെ പിന്നെയും നാല് തവണ നിയമസഭയിലേക്കെത്തി. 90 ല്‍ ഇപി ജയരാജെന മറികടന്ന് ജില്ലാ സെക്രട്ടറിയായി. അന്ന് മുതല്‍ ഇങ്ങോട്ട് കോടിയേരി സഭക്ക് അകത്തും പുറത്തും പിന്നില്‍ പോയിട്ടില്ല.


