പോപ്പുലര്‍ ഫ്രണ്ടിന്റേയും അനുബന്ധ സംഘടനകളുടെയും നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.
അതേസമയം, പോപ്പുലര്‍ ഫ്രണ്ട് ഇനി പത്രക്കുറിപ്പുകള്‍ ഇറക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റേയും അനുബന്ധ സംഘടനകളുടേയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നീക്കം ചെയ്യണമെന്ന് ഫേസ്ബുക്ക്, ട്വീറ്റര്‍, യൂട്യൂബ് എന്നിവരോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. പിഎഫഐയുടെ പേരിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ നിരീക്ഷിക്കാനും നിര്‍ദേശമുണ്ട്. സംഘടനകളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കണം, ഓഫീസുകള്‍ സീല്‍ ചെയ്യണം തുടങ്ങിയ നിര്‍ദേശങ്ങളും കേന്ദ്രം സംസ്ഥാനങ്ങളോട് നല്‍കിയിട്ടുണ്ട്.
ഇന്നു രാവിലെയാണ് പിഎഫ്ഐ നിരോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. ക്യാമ്പസ് ഫ്രണ്ട്, റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്, ഓള് ഇന്ത്യാ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസെഷന്‍, നാഷണല്‍ വുമണ്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട് എന്നീ അനുബന്ധ സംഘടനകളെയും നിരോധിച്ചിട്ടുണ്ട്.
പോപ്പുലര്‍ ഫ്രണ്ടിന്റേയും അനുബന്ധ സംഘടനകളുടെയും നിരോധനത്തെ ചോദ്യം ചെയ്ത് ജമാഅത്തെ ഇസ്ലാമി രംഗത്തെത്തി. പിഎഫ്ഐ നിരോധനം ജനാധിപത്യ വിരുദ്ധവും വിവേചനപരവുമാണ്. സംഘ്പരിവാര്‍ സംഘടനകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ പിഎഫ്ഐയെ നിരോധിക്കുന്നത് വിവേചനപരമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് പറഞ്ഞു.


