പൊതുസ്ഥലത്ത് അപമാനിച്ചുവെന്ന അവതാരകയുടെ പരാതിയില്‍ നടന് ശ്രീനാഥ് ഭാസി ഇന്ന് പൊലീസിന് മുന്നില്‍ ഹാജരാകില്ല. നടന് പൊലീസിനോട് സാവകാശം തേടിയിരിക്കുകയാണ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകുവാന്‍ പൊലീസ് നിര്‍ദേശം നല്‍കുകയും ചെയ്തു. കൊച്ചി മരട് പൊലീസ് സ്റ്റേഷനിലാണ് നടനെ ചോദ്യം ചെയ്യുന്നത്. സ്ത്രീത്വത്തെ അപമാനിക്കല്‍, അസഭ്യം പറയുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ശ്രീനാഥ് ഭാസിക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
ശ്രീനാഥ് ഭാസിയുടെ ചിത്രം ചട്ടമ്പിയുടെ പ്രൊമോഷന്റെ ഭാഗമായി എത്തിയപ്പോഴാണ് നടന് അവതാരകയോട് അപമാര്യാദയായി പെരുമാറിയത്. തുടര്‍ന്ന് അവതാരക പൊലീസിനും വനിതാ കമ്മീഷനും പരാതി നല്‍കുകയായിരുന്നു. അഭിമുഖത്തില്‍ ചോദിച്ച ചോദ്യങ്ങള്‍ ഇഷ്ടപ്പെടാതിരുന്നതോടെ ശ്രീനാഥ് ഭാസി മോശം ഭാഷാ പ്രയോഗങ്ങള്‍ നടത്തിയതായും താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറാമാനോട് മോശമായി പെരുമാറിയെന്നും മാധ്യമ പ്രവര്‍ത്തക പരാതിയില്‍ ആരോപിക്കുന്നു.
നിര്‍മ്മാതാക്കളുടെ സംഘടനയ്ക്കും അവതാരക പരാതി നല്‍കിയിരുന്നു. സംഘടനയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയില്‍ ചേരും. ശ്രീനാഥ് വിഷയം മുഖ്യ ചര്‍ച്ച നടത്തുമെന്ന് നിര്‍മ്മാതാക്കളുടെ സംഘടനയും വ്യക്തമായി.
നിലവില്‍ ശ്രീനാഥ് ഭാസിക്കെതിരെ ഫിലിം ചേംബര്‍ നടപടിയുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തിലാണ് പുതിയ പരാതി ലഭിച്ചിരിക്കുന്നത്. ഇതിനിടെ എഫ് എം റേഡിയോ അവതാരകനോട് സമാനമായ രീതിയില്‍ അസഭ്യം പറയുന്ന വീഡിയോ പുറത്തു വന്നിരുന്നു.
വിഷയത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ശ്രീനാഥ് ഭാസി അറിയിച്ചിരുന്നു. തന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റിന് ആരോട് വേണമെങ്കിലും താന്‍ ക്ഷമാപണം നടത്താന്‍ തയ്യാറാണെന്നും നടന് വ്യക്തമാക്കി.


