വളര്‍ത്തു നായ കുട്ടിയെ കടിക്കുന്നത് നോക്കി നിന്ന യുവതിക്ക് 5,000 രൂപ പിഴ ചുമത്തി ഗാസിയാബാദ് മുന്‍സിപ്പല്‍ കോര്പ്പറേഷന്. ഗാസിയാബാദിലെ രാജ്നഗര്‍ എക്സ്റ്റന്‍ഷന്‍ ചാംസ് കൗണ്ടി സൊസൈറ്റിയുടെ ലിഫ്റ്റില്‍ സെപ്തംബര്‍ 5നായിരുന്നു സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് യുവതിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ലിഫ്റ്റില്‍ പോകവെയാണ് യുവതിയുടെ വളര്‍ത്തു നായ കുട്ടിയെ രണ്ടു തവണ ചാടിക്കടിച്ചത്. യുവതിയും നായയും കുട്ടിയും മാത്രമായിരുന്നു ലിഫ്റ്റില്‍ ഉണ്ടായിരുന്നത്. നായയുമായി യുവതി ലിഫ്റ്റില്‍ കയറിയപ്പോള്‍ പേടിച്ചു പോയ കുട്ടി അകലം പാലിച്ച് നില്ക്കാന് ശ്രമിച്ചു. ഈ സമയം നായ കുട്ടിയെ ചാടിക്കടിച്ചു. കുട്ടി വേദന കൊണ്ട് പുളയുമ്പോഴും യുവതി നോക്കി നില്‍ക്കുകയാണ് ചെയ്തത്.
യുവതി ലിഫ്റ്റില്‍ നിന്ന് ഇറങ്ങാന്‍ നേരവും നായ കുട്ടിയെ ചാടിക്കടിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നടപടി. കുട്ടിയുടെ മാതാപിതാക്കള്‍ യുവതിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
മുന്‍സിപ്പല്‍ കോര്പ്പറേഷന് ഉദ്യോഗസ്ഥര്‍ യുവതിയുടെ വീട്ടിലെത്തി നടത്തിയ പരിശോധനയില്‍ നായയെ വളര്‍ത്തുന്നതിന് രേഖകളില്ല എന്ന് കണ്ടെത്തി.


