നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കാന്‍ കൂടുതല്‍ സമയം തേടി വിചാരണ കോടതി. ജഡ്ജി ഹണി എം.വര്‍ഗീസാണ് കൂടുതല്‍ സമയം തേടി സുപ്രീംകോടതിയെ സമീപിച്ചത്. 6 മാസത്തെ സമയമാണ് വിചാരണ കോടതി ജഡ്ജി സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് സൂചന. ജസ്റ്റിസ് ദിനേശ് മഹേശ്വരിയും ജസ്റ്റിസ് ബേല എം. ത്രിവേദിയും ഉള്‍പ്പെട്ട ബെഞ്ച് തിങ്കളാഴ്ച ഈ ആവശ്യം പരിഗണിക്കും.
വിചാരണ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കോടതിക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിയായ ദിലീപും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹര്‍ജിയും തിങ്കളാഴ്ച പരിഗണിക്കും. കേസില്‍ ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാന്‍ അനുവദിക്കരുതെന്ന ആവശ്യവും സുപ്രീംകോടതി മുന്നോട്ടു വച്ചിട്ടുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥര്‍, പ്രോസിക്യൂഷന്, അതിജീവിത എന്നിവര്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ കോടതിയെ തടസ്സപ്പെടുത്തുന്നുവെന്നാണ് ആരോപണം. തന്റെ മുന്‍ ഭാര്യയും ഒരു ഉന്നത പൊലീസ് ഓഫീസറും തന്നെ കേസില്‍പ്പെടുത്തിയതിന് ഉത്തരവാദിയാണ്. ഈ ഉദ്യോഗസ്ഥന് നിലവില്‍ ഡിജിപി റാങ്കില്‍ ആണെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന അപേക്ഷയില്‍ ദിലീപ് ആരോപിക്കുന്നു.


