പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ വിദഗ്ധ സമിതി പരിശോധിച്ച 29 ഫോണില്‍ അഞ്ചെണ്ണത്തിലും ചാര സോഫ്റ്റ്വെയര് കണ്ടെത്തിയതായി സുപ്രീം കോടതി. എന്നാല്‍, ഇത് പെഗാസസ് സ്പൈവെയര്‍ ആണെന്നതിന് വ്യക്തമായ തെളിവില്ലെന്നും കോടതി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ അന്വേഷണത്തോട് സഹകരിച്ചില്ലെന്ന് സമിതി നിരീക്ഷിച്ചതായും ചീഫ് ജസ്റ്റിസ് എന്‍.വി രമണ കൂട്ടിച്ചേര്‍ത്തു.
ചീഫ് ജസ്റ്റിസ് എന്‍.വി രമണ, ജസ്റ്റിസ് സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്. സമിതി റിപ്പോര്‍ട്ട് എത്രമാത്രം പരസ്യമാക്കാനാവും എന്നത് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി അറിയിച്ചു. സമിതി റിപ്പോര്‍ട്ട് മൂന്ന് ഭാഗങ്ങളായാണ് സമര്‍പ്പിച്ചിരിക്കുന്നത്. സാങ്കേതിക സമിതിയുടെ രണ്ട് റിപ്പോര്‍ട്ടുകളും, വിരമിച്ച ജഡ്ജി ജസ്റ്റിസ് ആര്.വി രവീന്ദ്രന്റെ മേല്‍നോട്ട സമിതിയുടെ ഒരു റിപ്പോര്‍ട്ടും ഇതില്‍ ഉള്‍പ്പെടുന്നു.
ചോര്‍ത്തപ്പെട്ട ഫോണുകളുടെ ഡിജിറ്റല്‍ ഫോറന്‍സിക് പരിശോധന ഫലം അടക്കമുള്ളവ അന്തിമ റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് സൂചന. അതേസമയം, നിയമവിരുദ്ധ നിരീക്ഷണത്തില്‍ പൗരന്മാര്ക്ക് ഏര്‍പ്പെടുത്താന്‍ സംവിധാനം വേണമെന്ന് റിപ്പോര്‍ട്ടിലൂടെ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. സ്വകാര്യതയും സൈബര്‍ സുരക്ഷയും ഉറപ്പാക്കാന്‍ നിയമം കൊണ്ടുവരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭാവിയില്‍ ഈ വിഷയത്തില്‍ വലിയ നിയമനിര്‍മാണം ഉണ്ടായേക്കുമെന്ന സൂചന സുപ്രിംകോടതി നല്കി.
ഇതിനിടെ കേന്ദ്ര സര്‍ക്കാര്‍ സഹകരിച്ചിട്ടില്ലെന്ന് സുപ്രിംകോടതി പരാമര്‍ശിച്ചപ്പോള്‍ അതിനെപ്പറ്റി അറിയില്ലെന്നായിരുന്നു കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറലിന്റെ മറുപടി. ഏത് അന്വേഷണത്തിലും സഹകരിക്കണമെന്ന് കേന്ദ്രം സമിതിക്ക് വാഗ്ദാനം നല്‍കിയിരുന്നെങ്കിലും വിഷയത്തില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല.
പെഗാസസ് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തിയോ, ആരുടേയൊക്കെ ഫോണുകള്‍ ചോര്‍ത്തി, പെഗാസസ് ഉപയോഗിച്ച് വാട്സ്ആപ്പ് വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട ആരോപണത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോ, കേന്ദ്ര-സംസ്ഥാന ഏജന്‍സികളോ പെഗാസസ് വാങ്ങിയിട്ടുണ്ടോ, പെഗാസസ് ഉപയോഗിച്ചുണ്ടെങ്കില്‍ അത് നിയമ വിധേയമാണോ തുടങ്ങി ഏഴ് വിഷയങ്ങളില്‍ അന്വേഷണം നടത്തിയാണ് സമിതി സുപ്രിം കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കിയത്.


