കേരളം ഉറ്റു നോക്കുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും. എല്ലാവരും വോട്ട് ചെയ്യാന്‍ എത്തണമെന്നും ജനങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും താരം പ്രതികരിച്ചു. പൊന്നുരുന്നി ഗവണ്മെന്റ് എല്‍പി സ്കൂളിലെ 64 നമ്പര്‍ ബൂത്തില്‍ എത്തിയാണ് മമ്മൂട്ടി വോട്ട് രേഖപ്പെടുത്തിയത്.
നടനും സംവിധായകനുമായ ലാല്‍ കുടുംബത്തോടൊപ്പമാണ് വോട്ട് ചെയ്യാന്‍ എത്തിയത്. പടമുഗള്‍ ജമാഅത്ത് റെസിഡന്‍ഷ്യല്‍ സ്കൂളിലായിരുന്നു ലാലിനും കുടുംബത്തിനും വോട്ട്. ബാലചന്ദ്രമേനോന്, നിമിഷാ സജയന് എന്നിവര്‍ക്കും വോട്ട് ഇവിടെയാണ്.
വ്യക്തിയെ നോക്കിയാണ് താന്‍ വോട്ട് രേഖപ്പെടുത്തിയതെന്നും താന്‍ ആരുടെയും കൂടെയല്ലെന്നും ലാല്‍ പറഞ്ഞു. താന്‍ വോട്ട് ചെയ്ത ആള് എംഎല്‍എ ആകുമെന്നും ലാല്‍ പറഞ്ഞു.
തിരക്കഥാകൃത്തും നടനുമായ രണ്‍ജി പണിക്കറും വോട്ട് രേഖപ്പെടുത്തി. പ്രചാരണം കൊഴുത്തതു കൊണ്ട് തന്നെ പോളിംഗിലും വലിയ മുന്നേറ്റമുണ്ടാകുമെന്ന് അദ്ദേഹം പ്രതികരിച്ചു.
കനത്ത പോളിംഗാണ് തൃക്കാക്കരയില്‍ നടക്കുന്നത്. ആദ്യ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ പോളിംഗ് ശതമാനം 23.08 ല്‍ എത്തി. 9.24 ശതമാനം പുരുഷന്മാരും 7.13 ശതമാനം സ്ത്രീകളുമാണ് ഇതുവരെ വോട്ട് ചെയ്തത്.
എല്‍ഡിഎഫിന് അനുകൂലമാവും ഇത്തവണ തൃക്കാക്കര മണ്ഡലമെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ് പറഞ്ഞു. ‘തെരഞ്ഞെടുപ്പിന്റെ ആദ്യ ദിവസം മുതലുണ്ടായ ആത്മവിശ്വാസം ഓരോ ദിവസവും കൂടിവരികയാണ്. പോളിങ് ശതമാനവും ഉയരും’. ജോ ജോസഫ് പറഞ്ഞു.
ഒ രാജഗോപാലിന് ശേഷം നിയമസഭയില്‍ എന്‍ഡിഎയ്ക്ക് വേണ്ടി താനെത്തുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷണന് പറഞ്ഞു. പിണറായി വിജയന്റെയും വി ഡി സതീശന്റെയും വാട്ടര്‍ലൂ ആയിരിക്കും ഇത്തവണ തൃക്കാക്കര മണ്ഡലത്തിലെന്നും രാധാകൃഷണന് കൂട്ടിച്ചേര്‍ത്തു.
എല്ലാ ബൂത്തുകളിലും ഏഴ് മണി മുതല്‍ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. ജോ ജോസഫ് പടമുഗള്‍ വോട്ട് ചെയ്തപ്പോള്‍ പാലാരിവട്ടത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് വോട്ടുരേഖപ്പെടുത്തി. യുഡിഎഫിന് ജയം ഉറപ്പാണെന്ന് ഹൈബി ഈഡന് എംപി മാധ്യമങ്ങളോട് പറഞ്ഞു.