വലിയ അനൗണ്സ്മെന്റിന്റെയും ഇരുചക്ര വാഹനങ്ങളുടെയും അകമ്പടിയോടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന്റെ പര്യടനം വെണ്ണല കാഞ്ഞിരമറ്റം പറമ്പ് ലൈനില്‍ കടന്നു പോയി. സ്ഥാനാര്‍ത്ഥി എത്തിയപ്പോള്‍ കാത്ത് നിന്ന ആളുകളുടെ കൈകളിലെല്ലാം സ്ഥാനാര്‍ത്ഥിക്ക് ചാര്‍ത്താന്‍ ഹാരമുണ്ടായിരുന്നു. ഒന്നും കൈയ്യില്‍ കരുതാതെ കാത്ത് നിന്ന ഇയ്യോബിനും വോള്ഗക്കും അടുത്ത് നിന്ന ചേട്ടന് ഒരു മാല നല്കി. എന്നാല്‍ മാല അവര്‍ക്ക് വേണ്ട. കാര്യം തിരക്കിയപ്പോ പറഞ്ഞത് ഞങ്ങള്‍ടെ കയ്യില്‍ വേറൊരു സാധനമുണ്ട്. ഞങ്ങള്‍ക്ക് അത് നല്കാന് മൈക്ക് ഒന്ന് തരണം.
കാത്ത് നിന്നവരുടെ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം നന്ദി പറയും മുമ്പ് ഉമ കയ്യിലിരുന്ന മൈക്ക് അവര്‍ക്ക് നല്കി. ഉമ തോമസിന് ആശംസ നേര്‍ന്ന് കുറച്ച് വരികള്‍ കയ്യില്‍ കരുതിയാണ് വോള്‍ഗയും ഇയ്യോബും നിന്നതെന്ന് അപ്പോഴാണ് സ്വീകരിക്കാന്‍ നിന്നവര്‍ക്ക് എല്ലാം പിടി കിട്ടിയത്.
പാട്ട് തീര്‍ന്നതും അന്തരീക്ഷത്തില്‍ ചിരി പടര്‍ന്നു. ആരാ ഇത് എഴുതിയേ എന്നായി ഉമയുടെ ചോദ്യം. ഞങ്ങള്‍ രണ്ട് പേരും ചേര്‍ന്നാണന്ന് വോള്‍ഗയുടെ മറുപടി. അസ്സലായട്ടുണ്ടല്ലോ എന്ന ആശംസ കേട്ടപ്പോള്‍ മുഴുവന്‍ പാട്ടും ജയിച്ചിട്ട് വരുമ്പോ പാടാട്ടോന്ന് ഒരു വാഗ്ദാനവും..
വെയിലിന്റെ ചൂടില്‍ ആ കുട്ടി തമാശകള്‍ പര്യടനത്തിന് അല്പം കുളിരായി. വോള്ഗക്കും ഇയ്യോബിനും ആശംസകള്‍ നേര്‍ന്ന് പര്യടന വാഹനം വീണ്ടും മുന്നോട്ട് നീങ്ങി.


