ഇന്ധന വിതരണം സംസ്ഥാനത്ത് പലയിടത്തും പൂര്‍ണമായി നിര്‍ത്തിയ സാഹചര്യത്തില്‍ പമ്പ് ഉടമകള്‍ പ്രതിസന്ധിയില്‍. സ്വകാര്യ എണ്ണക്കമ്പനികള്‍ വിതരണം നിര്‍ത്തിയതും വിതരണം വെട്ടിക്കുറച്ചതും പ്രതിസന്ധിക്ക് കാരണമാണ്. 21 ദിവസത്തോളമായി പൂട്ടിക്കിടക്കുകയാണ് സംസ്ഥാനത്ത് സ്വകാര്യ കമ്പനികളുടെ പല പമ്പുകളും.
റിലയന്‍സിന്റെ ഏകദേശം 36 പമ്പുകളും നയാര കമ്പനിയുടെ നൂറോളം പമ്പുകളാണ് കേരളത്തിലുള്ളത്. ഇവിടങ്ങളിലെ വിതരണം പ്രതിസന്ധിയിലാണ്. ഇന്ധനത്തിന് ലക്ഷണക്കണക്കിന് രൂപ മുന്‍കൂറായി പണമടച്ചവര്‍ക്ക് ഇതുവരെ ഇന്ധനം ലഭിച്ചിട്ടില്ല. അടച്ച പൈസയെങ്കിലും തിരികെ നല്‍കണമെന്ന് പമ്പ് ഉടമകള്‍ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും മറുപടി ലഭിച്ചിട്ടില്ല.
യുക്രെയ്ന് യുദ്ധ പശ്ചാത്തലത്തില്‍ റഷ്യന്‍ എണ്ണ വിതരണത്തിന് പാശ്ചാത്യ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയതോടെ റിലയന്‍സ് ഉള്‍പ്പെടെയുള്ള എണ്ണക്കമ്പനികള്‍ ക്രൂഡ് ഓയില്‍ യൂറോപ്പിലേക്ക് വില്‍ക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റിലയന്‍സിന്റെ ജംനഗര്‍ ഫെസിലിറ്റി, ഡീസലിന്റെ വര്‍ധിച്ച ഡിമാന്റ് മൂലം ഉല്പാദനം കൂട്ടുയെന്നും യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ടെന്നുമായിരുന്നു ബന്ധപ്പെട്ട വൃത്തങ്ങള്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. വരും മാസങ്ങളില്‍ കയറ്റുമതി വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.


