തിരുവനന്തപുരം / ആലുവ; കെഎസ്ആർടിസിയുടെ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായ ഷോപ്പ് ഓൺ വീൽസ് എന്ന പരിപാടിയിൽ ഉള്ള കെഎസ്ആർടിസി ലൂബ് ഷോപ്പിന്റെ രണ്ടാമത്തെ ഔട്ട്ലൈറ്റ് ഉദ്ഘാടനം ചെയ്തു. കെഎസ്ആർടിസിയുടെ ആലുവയിലെ റീജിയണൽ വർക്ക്ഷോപ്പിൽ ആരംഭിച്ച ലൂബ് ഷോപ്പ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. ആലുവ എംഎൽഎ അൻവർ സാദത്ത് അധ്യക്ഷത വഹിച്ചു. കെഎസ്ആർടിസി ജനറൽ മാനേജർ കെ.വി.രാജേന്ദ്രൻ സ്വഗതം ആശംസിച്ച ചടങ്ങിൽ ചൂർണ്ണിക്കര പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് ആദ്യവിൽപ്പന നടത്തി. ഇന്ത്യൻ ഓയിൽ സ്റ്റേറ്റ് ഹെഡ് വി.സി അശോകൻ മുഖ്യപ്രഭാഷണം നടത്തി, ഇന്ത്യൻ ഓയിൽ ഹെഡ് ബഹ്റ, വാർഡ് മെമ്പർ റൂബി ജിജി, , സെൻട്രൽ സോൺ എക്സിക്യൂട്ടീവ് ഡയറക്ടർ പി.എം. ഷറഫ് മുഹമ്മദ്, കെഎസ്ആർടിഇഎ (സിഐടിയു) പ്രതിനിധി കെ.എ നജിബുദ്ദീൻ, റ്റി.ഡി.എഫ് പ്രതിനിധി. കെ.കെ ഷാജി, കെഎസ്ടിഇഎസ്ബിഎംഎസ് പ്രതിനിധി സബിൻ കെഎസ് , ആലുവ റീജണൽ വർക്ക്ഷോപ്പ് വർക്ക് മാനേജർ എം. ഐസക് മാത്യു തുടങ്ങിയവർ സംസാരിച്ചു.
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളും, സർക്കാർ സ്കൂളുകളും പ്രവർത്തിപ്പിക്കുന്നത് പോലെ പൊതുജനങ്ങളുടെ ആവശ്യത്തിന് വേണ്ടിയാണ് കെഎസ്ആർടിസിയെയും സർക്കാർ പ്രവർത്തിപ്പിക്കുന്നതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. പൊതു ഗതാഗത രംഗത്തെ ശക്തിപ്പെടുത്തുകയാണ് കെഎസ്ആർടിസിയിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ പൊതുഗതാഗത സംവിധാനം ശക്തമായ സംസ്ഥാനമാണ് കേരളം. എന്നാൽ കേന്ദ്രസർക്കാർ കൂടുതൽ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് വേണ്ടി നൽകിയിരുന്ന ഇന്ധനവിലയിലെ ഇളവ് കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചത് കാരണം കെഎസ്ആർടിസി വളരെയേറെ പ്രതിസന്ധിയിലാണ്. ആ പ്രതിസന്ധി മറികടക്കുകയാണ് കെഎസ്ആർടിസിയുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
സ്വാതന്ത്രം നേടി 75 വർഷം കഴിഞ്ഞിട്ടും കേരളത്തിലെ പല ഗ്രാമപ്രദേശങ്ങളിലും ഇത് വരെ ബസ് സർവ്വീസ് ഇല്ലാത്ത പ്രദേശങ്ങൾ ഉണ്ട്. ഉൾപ്രദേശങ്ങളിലെ സ്ഥലങ്ങളിൽ താമസിക്കുന്നവർ ഇപ്പോഴും വളരെ ഏറെ യാത്രാ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഗ്രാമങ്ങളിൽ ഉള്ളവർക്ക് യാത്രാ പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ശ്രമിച്ചത്. അതിന്റെ ഭാഗമായി ആവിഷ്കരിക്കുന്ന ഗ്രാമവണ്ടി പദ്ധതി അടുത്ത മാസം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. കെഎസ്ആർടിസി- സിഫ്റ്റിന്റെ പ്രവർത്തനങ്ങളും ആരംഭിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി വരുന്നു. ആദ്യഘട്ടത്തിൽ വാങ്ങുന്ന 116 അത്യാധുനിക സൗകര്യങ്ങൾ ഉള്ള ബസുകളിൽ 20 ബസുകൾ തിരുവനന്തപുരം ആനയറയിലെ കെഎസ്ആർടിസി- സിഫ്റ്റ് ആസ്ഥാനത്ത് എത്തി തുടങ്ങി. ഇതിന് വേണ്ടിയുളള ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്കുള്ള ജീവനക്കാരുമായുള്ള കരാർ ഒപ്പിടൽ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
പൊതുജനങ്ങൾക്ക് ഉയർന്ന ഗുണമേൻമയും, ന്യായവിലയും ഉറപ്പാക്കിക്കൊണ്ട് വിവിധ ശ്രേണിയിലുള്ള വാഹനങ്ങളുടെ എഞ്ചിൻ ഓയിൽ ഉൾപ്പെടെ മുഴുവൻ ലൂബ്രിക്കേഷനുകളും പ്രമുഖ ഓയിൽ കമ്പിനികളുമായി ചേർന്ന് കോർപ്പറേഷന്റെ രൂപമാറ്റം വരുത്തിയ ബസുകളിൽ കേരളത്തിൽ ഉടനീളം വിതരണം ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഉദ്ഘാടന ഓഫറായി ഉപഭോക്താക്കൽക്ക് സൗജന്യ വൈഫൈ, ടൂ വീലറുകൾക്ക് ലേബർ ഫ്രീ ഓയിൽ ചേഞ്ച്, ആദ്യത്തെ 100 ഓട്ടോറിക്ഷകൾക്ക് ഓട്ടോറിക്ഷയുടെ സൈഡ് കർട്ടൻ സൗജന്യം, തിരഞ്ഞെടുത്ത പാക്കുകൾക്ക് 20 % വരെ ഡിസ്കൗണ്ട്, സർപ്രൈസ് കൂപ്പണുകൾ, ഫ്യൂച്ചുറ G Plus 5W -30 യോടൊപ്പം കാർ പെർഫ്യും സമ്മാനം, സെർവോ പ്രൈഡ് TC 3LTR നോടൊപ്പം ഓയിൽ ഫിൽട്ടർ സൗജന്യം, തുടങ്ങിയ ഓഫറുകളും ഒരുക്കിയിട്ടുണ്ട്.


