തിരുവനന്തപുരം: തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയിലിരിക്കെ യുവാവ് ഹൃദയാഘാതം മൂലം മരിച്ച കേസില്‍ മൂന്ന് പൊലീസുകാര്‍ക്ക് സസ്പെന്ഷന്. എസ്ഐ വിപിന്‍, ഗ്രേഡ് എസ്ഐ സജീവന്, വൈശാഖ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. നടപടി ക്രമങ്ങളില്‍ വീഴ്ച്ച വരുത്തിയെന്ന് കാട്ടി സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാറിന്റേതാണ് നടപടി.
ഇതില്‍ സിഐക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കി. പൊലീസ് കസ്റ്റഡിയിലിരിക്കെ സുരേഷ് മരിച്ചത് ഹൃദയാഘാതം മൂലമെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ മര്‍ദനം, കൊലപാതകം പോലുള്ള വകുപ്പുകള്‍ ഉടന്‍ ചുമത്തേണ്ടെന്ന് ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നു. പിന്നാലെയാണ് നടപടി ക്രമങ്ങളില്‍ വീഴ്ച്ച വരുത്തിയെന്ന് കാണിച്ചുള്ള സസ്പെന്ഷന് നടപടി.
ജഡ്ജിക്കുന്നിലെത്തിയ ദമ്പതികളെ ആക്രമിച്ചതിനാണ് അഞ്ച് പേരെ തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിലെ ഒരു പ്രതിയായ സുരേഷാണ് സ്വകാര്യ ആശുപത്രിയില്‍വെച്ച് മരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് മരിച്ചതെന്നായിരുന്നു പൊലീസിന്റെ പ്രതികരണം. എന്നാല്‍ പൊലീസ് മര്‍ദനത്തെ തുടര്‍ന്നാണ് മരണമെന്ന് ആരോപിച്ച് വലിയ പ്രതിഷേധം ഉടലെടുത്തിരുന്നു.


