തലശേരി ബിജെപി കൗണ്‍സിലര്‍ നടത്തിയ ഭീഷണി പ്രസംഗം പുറത്ത്. കൗണ്‍സിലര്‍ കെ. ലിജേഷാണ് ഭീഷണി പ്രസംഗം നടത്തിയത്. ക്ഷേത്രത്തിലെ സംഘര്‍ഷത്തെ തുടര്‍ന്നുള്ള പ്രതിഷേധത്തിനിടയിലായിരുന്നു ഭീഷണി പ്രസംഗം. നമ്മുടെ പ്രവര്‍ത്തകരുടെ മേല്‍ കൈവച്ചാല്‍ അതെങ്ങനെയാണ് കൈകാര്യം ചെയ്യണ്ടേതെന്ന് കൃത്യമായി അറിയാമെന്നായിരുന്നു ലിജേഷിന്റെ പ്രസംഗം.
‘കോടിയേരി മേഖലയുടെ സ്വഭാവമനുസരിച്ച് നമ്മുടെ പ്രവര്‍ത്തകരുടെ മേല്‍ കൈവച്ചിട്ട് അതെങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന കൃത്യമായ ബോധ്യം നമുക്കുണ്ട്. ഏത് രീതിയിലാണ് അത് കൈകാര്യം ചെയ്യേണ്ടതെന്ന് കഴിഞ്ഞ കാലഘട്ടങ്ങളിലുള്ള ചരിത്രം പരിശോധിച്ചാല്‍ ഇവിടെയുള്ള സിപിഐഎം നേതാക്കള്‍ക്കറിയാം. പക്ഷേ സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന ഈ പ്രദേശത്ത് കൊടും ക്രിമിനലുകളായിട്ടുള്ള രണ്ട് പേരുടെ തോന്ന്യാസത്തിന് നമ്മുടെ നാട് അശാന്തിയിലേക്ക് പകരേണ്ടതില്ല’- ലിജേഷ് പറയുന്നു.
അതേസമയം, സിപിഐഎം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അറിയിച്ചു. ഹരിദാസിന്റെ കൊലപാതകത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ബിജെപി കൗണ്‍സിലറുടെ പ്രസംഗം ദുര്‍വ്യാഖ്യാനിക്കുകയാണെന്നും ഉത്സവത്തിനിടെ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദനത്തിനിരയായെന്നും പ്രസിഡന്റ് എന്‍ ഹരിദാസന് പറഞ്ഞു.


