ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. മുഖ്യമന്ത്രി നേരിട്ട് കാര്യങ്ങള്‍ ബോധിപ്പിച്ചതിന് പിന്നാലെയാണ് ഗവര്‍ണര്‍ ഒപ്പിട്ടത്. മുഖ്യമന്ത്രി നേരിട്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതിന് പിന്നാലെയാണ് ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവച്ചത്. ഇതോടെ ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമഭേദഗതി പ്രാബല്യത്തിലായി.
ഓര്‍ഡിനന്‍സിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും ഭരണഘടനയ്ക്കു വിരുദ്ധമായ അധികാരം ലോകായുക്തയ്ക്കു നല്‍കേണ്ടതില്ലെന്നാണു നിയമോപദേശമെന്നുമാണ് കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി വിശദീകരിച്ചത്. ഒപ്പിടാതെ മടക്കിയാല്‍ സര്‍ക്കാരിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാകുമായിരുന്നു. അങ്ങനെയെങ്കില്‍ നിയമസഭ സമ്മേളനത്തില്‍ ബില്‍ ആയി കൊണ്ടുവരാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ലോകായുക്ത ഓര്‍ഡിനന്‍സില്‍ പരസ്യ എതിര്‍പ്പ് അറിയിച്ച സി.പി.ഐയെ സി.പി.എം കാര്യങ്ങള്‍ ബോധ്യപ്പെടുത്തും.
ലോകായുക്ത ഓര്‍ഡിനന്‍സുമായി മന്ത്രി പി.രാജീവ് ജനുവരി 24നു നേരിട്ടു രാജ്ഭവനിലെത്തിയെങ്കിലും ഗവര്‍ണര്‍ ഒപ്പിടാന്‍ തയ്യാറായിരുന്നില്ല. സര്‍ക്കാര്‍ വിശദീകരണം നല്കിയ ശേഷവും ഗവര്‍ണര്‍ വഴങ്ങിയില്ല. അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ പദവി വഹിച്ചിരുന്നയാളുമായി ഇന്ന് അദ്ദേഹം കൂടിക്കാഴ്ചയും നിശ്ചയിച്ചിരുന്നു. ഗവര്‍ണറെ അതിവേഗം അനുനയിപ്പിക്കാന്‍ ഇതും സര്‍ക്കാരിനെ പ്രേരിപ്പിച്ചു.
ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഗവര്‍ണറെ കണ്ടിരുന്നു. ലോകായുക്തയെ ദുര്‍ബലപ്പെടുത്തുന്നതില്‍ ആശങ്ക അറിയിച്ച സംഘം നിയമ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു.