ഓര്‍ഡിനന്‍സിലൂടെ ലോകായുക്തയുടെ അധികാരങ്ങള്‍ കവരാനുള്ള സര്‍ക്കാരിന്റെ നീക്കം അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇത് നിയമ പ്രശ്നത്തിലേക്ക് വഴിവയ്ക്കും. ഇതിനേക്കാള്‍ ഭേദം ലോകായുക്തയെ പിരിച്ച് വിടുകയാണ് പിണറായി ചെയ്യേണ്ടത്. ലോകായുക്തയുടെ അധികാരം കവര്‍ന്നു കൊണ്ടുള്ള ഈ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടരുതെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
അടുത്തമാസം നിയമസഭ ചേരാനിരിക്കെ, 1999 ല്‍ E K നായനാരുടെ കാലത്ത് നിലവില്‍ വന്ന ലോകായുക്ത നിയമത്തില്‍, ഓര്‍ഡിനന്‍സിലൂടെ നിയമഭേദഗതി കൊണ്ടുവരാന്‍ ഉണ്ടായ അടിയന്തിര സാഹചര്യം എന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ലോക്പാല്‍ സംവിധാനത്തിലുള്‍പ്പെടെ അഴിമതിക്കെതിരായ നിയമങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടണമെന്ന് വാദിച്ചിരുന്ന CPM ന്റെ മുഖ്യമന്ത്രിയാണ് ജുഡീഷ്യല്‍ അധികാരമുള്ള ലോകായുക്തയുടെ ചിറകരിയുന്നത്. മുഖ്യമന്ത്രി ചികിത്സാര്‍ത്ഥം വിദേശത്താണ് എന്ന കാര്യവും ഈ അവസരത്തില്‍ പ്രത്യേകമായി ഓര്‍ക്കേണ്ടതുണ്ടെന്ന് ചെന്നിത്തല പറഞ്ഞു.
ഇടതുമുന്നണി അറിയാതെയാണ് തീരുമാനം എന്നാണ് വിശ്വാസം. ഏത് മുന്‍ ജഡ്ജിയെയും നിയമിക്കാമെന്നും പുതിയ ഓര്‍ഡിനന്‍സ് പറയുന്നു. ഈ വിഷയത്തില്‍ സിപിഎം മറുപടി പറയണം. കഴിഞ്ഞ മന്ത്രിസഭാ യോഗം ലോകായുക്തയുടെ അധികാരം കവര്‍ന്നെടുക്കാനുള്ള ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. എന്നാല്‍, ഇക്കാര്യം മന്ത്രിസഭാ തീരുമാനത്തെക്കുറിച്ചുള്ള വാര്‍ത്താക്കുറിപ്പിലും ഉള്‍പ്പെടുത്തിയില്ല. അടുത്ത മാസം നിയമസഭ ചേരാനിരിക്കെ മുഖ്യമന്ത്രി വിദേശത്തായിരിക്കെ ഇത്രയും സുപ്രധാന കാര്യം ഓര്‍ഡിനന്‍സ് ഇറക്കാന്‍ എങ്ങനെ ധൈര്യം വന്നുവെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
പൊതുപ്രവര്‍ത്തകര്‍ക്ക് എതിരായിട്ടുള്ള അഴിമതി ആരോപണങ്ങളിലും സ്വജനപക്ഷപാത കേസുകളിലും ഉത്തരവ് പുറപ്പെടുവിക്കാനുള്ള ലോകായുക്തയുടെ അധികാരം സര്‍ക്കാര്‍ കവര്‍ന്നെടുക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിനുശേഷം പുറത്തുവന്ന പത്രക്കുറിപ്പില്‍ ഇത്രയും ഗൗരവമുള്ള വിഷയത്തെ സംബന്ധിച്ച് ഒരു വരി പോലും ഇല്ല എന്നുള്ളത് ഈ തീരുമാനത്തിന് പിന്നിലെ ദുരൂഹതയാണ് വ്യക്തമാക്കുന്നത്.
അനവസരത്തില്‍ ധൃതിപിടിച്ച് ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ എനിക്ക് ബോധ്യപ്പെട്ടത് താഴെ പറയുന്ന കാര്യങ്ങളാണ്.
നിലവിലെ സര്‍ക്കാരിനെതിരായി രണ്ട് പരാതികള്‍ ലോകായുക്തയുടെ പരിഗണനയിലാണ്.
ഒന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും അനര്‍ഹരായവര്‍ക്ക് സഹായം നല്‍കിയതുമായി ബന്ധപ്പെട്ടത്.
മറ്റൊന്ന് കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര് ബിന്ദു നിയമവിരുദ്ധമായി ഇടപെട്ടതുമായി ബന്ധപ്പെട്ട് ഞാന്‍ നല്കിയ പരാതി.
ആദ്യത്തേതില്‍ മുഖ്യമന്ത്രിക്കെതിരെയും രണ്ടാമത്തെ പരാതിയില്‍ മന്ത്രിക്കെതിരെയും ലോകായുക്തയുടെ ഉത്തരവ് ഉണ്ടാകുമെന്ന് ബോധ്യപ്പെട്ടത് അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ധൃതിപിടിച്ച് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുന്നത് എന്നതാണ് വാസ്തവം.
മന്ത്രി ബിന്ദുവിനെതിരെ ലോകായുക്തയുടെ ഉത്തരവ് ഉണ്ടാകുമെന്ന് കണ്ടപ്പോള്‍, ആ ഉത്തരവ് നടപ്പാക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കാനുള്ള അവകാശം സര്‍ക്കാര്‍ തന്നെ ഏറ്റെടുക്കുന്ന വിചിത്രമായ സാഹചര്യമാണ് ഈ ഓര്‍ഡിനന്‍സിലൂടെ ഉണ്ടാകുന്നത്.
മുന്‍പ് മന്ത്രി കെടി ജലീലിന് എതിരെ ലോകായുക്തയുടെ ഉത്തരവ് ഉണ്ടായപ്പോള്‍ ഹൈക്കോടതിയേയും സുപ്രീം കോടതിയേയും സമീപിച്ചെങ്കിലും ഒരു പ്രയോജനവും ഉണ്ടായില്ലെന്നു മാത്രമല്ല മന്ത്രിക്ക് രാജിവയ്ക്കേണ്ടി വന്നു. മന്ത്രി ബിന്ദുവിന്റെ കാര്യത്തിലും ഇതേ സാഹചര്യം ഉരുത്തിരിഞ്ഞ് വരുന്നത് മനസ്സിലാക്കി അതിന് തടയിടാനാണ് ഇത്തരത്തില്‍ അടിയന്തിരമായി നിയമനിര്‍മ്മാണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
മാത്രമല്ല, ലോകായുക്തയുടെ ഉത്തരവ് നടപ്പാക്കേണ്ടതുണ്ടോ എന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഹിയറിങ് നടത്തി മൂന്നു മാസത്തിനകം തീരുമാനിക്കും എന്നാണ് ഓര്‍ഡിനന്‍സില്‍ പറയുന്നത്. ലോകായുക്തയില്‍ കൃത്യമായ ഹിയറിങ് നടത്തി ജുഡീഷ്യല്‍ പ്രോസസ് കഴിഞ്ഞ് പുറപ്പെടുവിക്കുന്ന ഉത്തരവ് പിന്നീട് സര്‍ക്കാര്‍ ഹിയറിങ് നടത്തി, നടപ്പാക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കും എന്നു പറയുന്നത് നിയമത്തിനു മുന്നില്‍ നിലനില്‍ക്കുന്നതല്ല.
ലോകായുക്തയെ തീരുമാനിക്കുന്ന സമിതിയില്‍ മുഖ്യമന്ത്രിയെ കൂടാതെ സ്പീക്കറും പ്രതിപക്ഷനേതാവും അംഗങ്ങളാണ്. അതുകൊണ്ടുതന്നെ ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കുന്ന ഓര്‍ഡിനന്‍സ് തയ്യാറാക്കുന്നതിനു മുന്‍പ് സ്പീക്കറുടെയും പ്രതിപക്ഷനേതാവിന്റെയും അഭിപ്രായങ്ങള്‍ കേള്‍ക്കുവാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ഈ വിഷയത്തില്‍ അതുണ്ടായില്ല എന്നുള്ളത് സര്‍ക്കാറിന്റെ ജനാധിപത്യ വിരുദ്ധതയാണ് കാണിക്കുന്നത്.
ലോകായുക്തയെ ഇല്ലായ്മ ചെയ്യുന്ന ഈ ഓര്‍ഡിനന്‍സില്‍ ഒപ്പിടരുത് എന്ന് സംസ്ഥാന ഗവര്‍ണറോട് ആവശ്യപ്പെടുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.


