സിനിമാ താരം ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത കേസിലെ പ്രതികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്. സംഭവ സ്ഥലത്തെ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചത്. ഇവരെ ഉടന്‍ പിടികൂടുമെന്നാണ് റിപ്പോര്‍ട്ട്.
മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പടെ കണ്ടാല്‍ അറിയാവുന്ന 7 പേര്‍ക്കെതിരെയാണ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുത്തിരിക്കുന്നത്. ജോജുവിന്റെ വാഹനത്തിന് ആറ് ലക്ഷം രൂപ നഷ്ടം വരുത്തിയെന്നും എഫ്ഐആറില്‍ പറയുന്നു. ജോജുവിന്റെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച് അസഭ്യം പറഞ്ഞുവെന്ന കുറ്റങ്ങളും പൊലീസ് ചുമത്തിയിട്ടുണ്ട്.
ഇന്നലെ രാവിലെയാണ് ഇടപ്പള്ളിവൈറ്റില ദേശീയ പാതയില്‍ ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വഴി തടയല്‍ സമരം നടത്തിയത്. എന്നാല്‍ ദേശീയ പാതയില്‍ രൂക്ഷമായ ഗതാഗത തടസം നേരിട്ടതോടെയാണ് നടന് ജോജു ജോര്‍ജിന്റെ പ്രവേശനം. കാറില്‍ നിന്നിറങ്ങിയ ജോജുവും പ്രതിഷേധക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. കോണ്‍ഗ്രസിനെ നാണം കെടുത്താനുള്ള സമരമാണെന്നും ജനജീവിതം ബുദ്ധിമുട്ടിലാക്കരുതെന്നും ജോജു പറഞ്ഞു. തുടര്‍ന്ന് ജോജുവിന്റെ കാര്‍ പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തു.
അതേസമയം, തനിക്കെതിരെ പൊലീസ് കള്ളക്കേസ് എടുത്തെന്ന് ടോണി ചമ്മിണി ആരോപിക്കുന്നു. കള്ളക്കേസിനെ നിയമപരമായി നേരിടുമെന്ന് ടോണി ചമ്മിണി പറഞ്ഞു. കാറിന്റെ ചില്ല് തകര്‍ത്തത് കോണ്‍ഗ്രസ് പ്രവര്‍ത്തകരല്ലെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ പ്രതിഷേധിച്ച് ജോജു ജോര്‍ജിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് ഇന്നലെ പ്രതിഷേധ മാര്‍ച്ച് നടത്തി. തൃശൂര്‍ മാളയിലെ വീട്ടിലേക്കാണ് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്.

