യു.പി പൊലീസ് കസ്റ്റഡിയില്‍ ശുചീകരണ തൊഴിലാളി അരുണ്‍ വാല്മീകി മരിച്ച സംഭവത്തില്‍ ഉന്നതതല അന്വേഷണവും ആശ്രിതര്‍ക്ക് ധനസഹായവും പ്രഖ്യാപിക്കണമെന്ന് പ്രിയങ്ക ഗാന്ധി. ഇന്നലെ അര്‍ധരാത്രിയോടെ ആഗ്രയില്‍ അരുണിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷമായിരുന്നു ഇക്കാര്യം ആവശ്യപ്പെട്ടത്. പൊലീസ് കൊടും ക്രൂരതയാണ് ഈ കുടുംബത്തോട് കാണിച്ചതെന്നു പ്രിയങ്ക ഗാന്ധി പറഞ്ഞു.
അരുണ്‍ വാല്മീകിയെ ഭാര്യയുടെ മുന്നില്‍ വച്ചു ക്രൂരമായി മര്‍ദ്ദിക്കുകയും ഇലക്ട്രിക് ഷോക്ക് ഏല്‍പ്പിക്കുകയും ചെയ്തെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. കസേരയില്‍ കെട്ടിയിട്ടാണ് മര്‍ദ്ദിച്ചത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പോലും ബന്ധുക്കള്‍ക്ക് നല്‍കിയിട്ടില്ല. പലതവണ യു.പി പോലീസ് യാത്രാ തടസം സൃഷ്ടിച്ചെങ്കിലും ഇതെല്ലാം മറികടന്നു ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് ആഗ്രയിലെ അരുണ്‍ വാല്മീകിയുടെ വസതിയില്‍ പ്രിയങ്ക ഗാന്ധി എത്തിയത്.
പൊലീസ് സ്റ്റേഷനില്‍ നിന്നും 25 ലക്ഷം രൂപ മോഷ്ടിച്ചെന്ന കുറ്റം ചുമത്തിയാണ് ആഗ്ര പൊലീസ് സ്റ്റേഷനില്‍ അരുണ്‍ വാല്മീകിയെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യുന്നതിനിടെ ആരോഗ്യം മോശമായി മരണം സംഭവിച്ചെന്നാണ് പൊലീസ് ഭാഷ്യം. നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാല്‍ പ്രിയങ്കയെ ആഗ്രയിലേക്ക് വിടില്ലെന്ന നിലപാടിലായിരുന്നു യു.പി പൊലീസ്.
അരുണ്‍ വാല്മീകിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനായി രാജസ്ഥാന് ഉള്‍പ്പെടെയുള്ള സര്‍ക്കാരുകളുടെ സഹായവും പ്രിയങ്ക തേടുന്നുണ്ട്.


