കുവൈത്ത്: കുവൈത്തില്‍ മരുന്നുകളുടെയും ഫുഡ് സപ്ലിമന്റുകളുടെയും ബില്ലുകള്‍ അറബി ഭാഷയിലായിരിക്കണമെന്ന് ആരോഗ്യമന്ത്രാലയം. ഫാര്‍മസികള്‍, ഫുഡ് സപ്ലിമന്റ് കടകള്‍ എന്നിവര്‍ക്കെല്ലാം പുതിയ ഉത്തരവ് ബാധകമാണ്. ഇന്‍വോയ്സുകള്‍ അറബിയിലാകണമെന്നതാണ് ഉത്തരവിലെ പ്രധാന നിര്‍ദേശം. അറബിയോടൊപ്പം ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള ഭാഷകള്‍ അനുബന്ധമായി ഉപയോഗിക്കുന്നതിന് തടസ്സമില്ല.
ബില്‍ ഇഷ്യൂ ചെയ്യുന്ന സ്ഥാപനത്തെ കുറിച്ചുള്ള ലഘുവിവരണവും ഉല്പന്നത്തിന്റ വിശദശാംശങ്ങളും ബില്ലില്‍ രേഖപ്പെടുത്തിയിരിക്കണം. ഉല്പന്നം മാറ്റിവാങ്ങാന്‍ അനുവദിക്കുന്ന കാലയളവും ബില്ലില്‍ രേഖപ്പെടുത്തണമെന്ന് ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അസ്സബാഹ് ഒപ്പിട്ട ഉത്തരവില്‍ പറയുന്നു.

