റോം: സിറിയയിലും യെമനിലും സമാധാനം കാംക്ഷിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ക്രിസ്തുമസ് സന്ദേശം. രാജ്യങ്ങള്‍ക്കിടയിലും സംസ്കാരങ്ങള്‍ക്കിടയിലും സൗഹൃദം വെച്ചു പുലര്‍ത്തണമെന്നും അദ്ദേഹത്തിന്റെ സന്ദേശത്തില്‍ പറയുന്നു.
‘എല്ലാ രാജ്യങ്ങളിലെ പൗരന്മാര്ക്കിടയിലും സംസ്കാരങ്ങള്‍ക്കിടയിലും സൗഹൃദം പുലരണം. വ്യത്യസ്തമായ ആശയങ്ങളുള്ള, എന്നാല്‍ പരസ്പരം ബഹുമാനിക്കാന്‍ കഴിവുള്ള ആളുകള്‍ക്കിടയിലും, വ്യത്യസ്ത മത വിഭാഗങ്ങള്‍ക്കിടയിലെ സാഹോദര്യവുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്’- പോപ് ഫ്രാന്‍സിസ് പറഞ്ഞു.
‘എന്റെ ചിന്തകള്‍ യമനിനോടൊപ്പമാണ്. യുദ്ധത്താലും ഭക്ഷ്യക്ഷാമത്താലും ബുദ്ധിമുട്ടുന്ന അവിടത്തെ കുട്ടികളെ സഹായിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തിന് കഴിയുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു’- പോപ് ഫ്രാന്‍സിസ് പറഞ്ഞു.
സിറിയയിലെ യുദ്ധത്തെക്കുറിച്ചും അദ്ദേഹം തന്റെ ക്രിസ്തുമസ് സന്ദേശത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ‘അതിര്‍ത്തി താല്പര്യങ്ങളും മറ്റും മാറ്റിവെക്കാനുള്ള ഒരു രാഷ്ട്രീയ പരിഹാരം അന്താരാഷ്ട്ര സമൂഹം കണ്ടെത്തണം, അതു വഴി പാലായനം ചെയ്യേണ്ടി വന്ന സിറിയന്‍ ജനതയ്ക്ക് തിരിച്ച് സ്വന്തം സ്ഥലത്ത് തിരിച്ചെത്തി സമാധാനത്തോടെ ജീവിക്കാന്‍ കഴിയണം’- പോപ് ഫ്രാന്‍സിസ് പറഞ്ഞു. ഇസ്രാഈലും പാലസ്തീനും തമ്മില്‍ സമാധാന ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം പ്രത്യാശിച്ചു.
ആഫ്രിക്കയിലെ മനുഷ്യാവകാശ ധ്വംസനങ്ങളിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ‘ലക്ഷക്കണക്കിന് ആളുകളാണ് ആഫ്രിക്കയില്‍ അഭയാര്‍ത്ഥികളായി കഴിയുന്നത്. അവര്‍ക്ക് സഹായവും ഭക്ഷ്യ സുരക്ഷയും ഒരുക്കേണ്ടത് അത്യാവശ്യമാണ്’- തന്റെ സന്ദേശത്തില്‍ പോപ് പറഞ്ഞു.


