കൊളംബോ: ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്ഫോടന പരമ്പരകളുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയിലെ പ്രതിരോധ സെക്രട്ടറിയോടും പൊലീസ് തലവനോടും രാജിവയ്ക്കാന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന ആവശ്യപ്പെട്ടു. ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് പുജിത് ജയസുന്ദര, പ്രതിരോധ സെക്രട്ടറി ഹേമസിരി ഫെര്‍ണാണ്ടോ എന്നിവരോടാണ് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇരുവരും തങ്ങളുടെ ജോലിയില്‍ പരാജയപ്പെട്ടെന്നാണ് പ്രസിഡന്റിന്റെ വിലയിരുത്തല്‍.

സ്ഫോടന പരമ്പരയില്‍ 359 പേരാണ് ആകെ മരിച്ചത്. 500 ഓളം പേര്‍ക്ക് പരിക്കേറ്റു. നിരവധി പേരുടെ നില അതീവ ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് കരുതപ്പെടുന്നത്. അതേസമയം ആക്രമണം നടത്തിയേക്കുമെന്ന വിവരം നേരത്തെ തന്നെ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നല്‍കിയിട്ടും തടയാന്‍ സാധിക്കാതിരുന്നത് സര്‍ക്കാരിനെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്.


