കൊച്ചിയിലെ യുവതിയുടെ പരാതിയിൽ ബലാത്സംഗക്കേസിൽ പൊലീസ് പ്രതി ചേർത്തതിനെതിരെ നടൻ നിവിൻ പോളി പരാതി നല്കി. ഇന്ന് രാവിലെയാണ് നിവിൻ പോളി ഡിജിപിക്ക് പരാതി നൽകിയത്. തനിക്കെതിരെയുള്ള കുറ്റങ്ങൾ തെറ്റാണെന്ന് കാണിച്ച് നിവിൻ പോളിയാണ് ആദ്യം പരാതി നൽകിയത്. തൻ്റെ പരാതിയിൽ അന്വേഷണം വേണമെന്നും നിവിൻ പോളി ആവശ്യപ്പെട്ടിട്ടുണ്ട്. കേസിലെ എഫ്ഐആറിൻ്റെ പകർപ്പ് ലഭിച്ച ശേഷം വിശദമായ പരാതി എഴുതുമെന്ന് നിവിൻ പറഞ്ഞു. നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നാണ് നിവിൻ അറിയിച്ചിരിക്കുന്നത്.
തനിക്കെതിരായ ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും പ്രതികളെ കണ്ടിട്ടില്ലെന്നും നിവിൻ പറയുന്നു. തന്റെ പരാതി കൂടി സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം പരിശോധിച്ച് നിലപാടിലെത്തണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് നിവിൻ മുന്നോട്ട് വയ്ക്കുന്നത്. മുൻകൂർ ജാമ്യം അടക്കം തേടി കോടതിയെ സമീപിക്കുന്നത് പൊലീസ് നടപടിയുടെ പുരോഗതി നോക്കിയ ശേഷം മതി എന്നാണ് നിവിന് കിട്ടിയ നിയമോപദേശമെന്നാണ് വിവരം.