ശ്രീലങ്കയില്‍ സൈന്യത്തിന്റെ ആയുധങ്ങള്‍ പിടിച്ചെടുത്ത് പ്രക്ഷോഭകര്‍. പുലര്‍ച്ചെ പാര്‍ലമെന്റിന് സമീപം സൈന്യത്തിനു നേരെ ആക്രമണമുണ്ടായി. തോക്കും തിരകളും തട്ടിയെടുത്തു. ഒരു സൈനികനും ഒരു പൊലീസുകാരനും പരുക്ക്. 40 പ്രക്ഷോഭകരും പരുക്കുകളോടെ ആശുപത്രിയിലാണ്.
ശ്രീലങ്കയില്‍ രാഷ്ട്രപതിയുടെയും പ്രധാന മന്ത്രിയുടെയും രാജി ആവശ്യപ്പെട്ടുള്ള ജനകീയ പ്രക്ഷോഭം തുടരുകയാണ്. ശ്രീലങ്കയില്‍ പ്രക്ഷോഭകര്‍ കയ്യേറിയ പ്രധാനമന്ത്രിയുടെ ഓഫീസ് തിരിച്ചു പിടിക്കാനുള്ള സൈനിക നീക്കം പരാജയപ്പെട്ടു. ഓഫീസിനുള്ളിലുള്ള പ്രക്ഷോഭകരെ നീക്കാന്‍ സൈന്യം രാത്രി ശ്രമിച്ചെങ്കിലും കൂടുതല്‍ സമരക്കാര്‍ എത്തിയോടെ പിന്മാറി. പ്രക്ഷോഭകര്‍ ഇപ്പോഴും പ്രധാനമന്ത്രിയുടെ ഓഫീസില്‍ തുടരുകയാണ്. രാജ്യത്ത് പ്രഖ്യാപിച്ച കര്‍ഫ്യു പിന്‍വലിച്ചു.
പ്രക്ഷോഭം കൂടുതല്‍ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് വ്യാപിക്കുമെന്നാണ് സൂചന. ഇന്നലെ പ്രധാനമന്ത്രിയുടെ ഓഫീസ് കയ്യേറിയ സമരക്കാര്‍ക്കു നേരെ സുരക്ഷാ സേന നടത്തിയ കണ്ണീര് വാതക പ്രയോഗത്തില്‍ പരുക്കേറ്റ യുവാവ് ആശുപത്രിയില്‍ മരിച്ചു. രാജ്യം വിട്ട പ്രസിഡന്റ് ഗോട്ടബയ രാജപക്സെ മാലദ്വീപില്‍ നിന്ന് സിംഗപ്പൂരിലേക്ക് പോകും.
സ്വകാര്യജറ്റ് വിമാനം കാത്ത് മാലദ്വീപില്‍ തുടരുകയാണ് അദ്ദേഹം. അതേസമയം ലങ്കയിലെ ഭരണ പ്രതിസന്ധിക്ക് വേഗം പരിഹാരം കാണണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്ന് യു.എന്‍. സെക്രട്ടറി ജനറല്‍ പറഞ്ഞു.


