അബുദാബി: മൂന്ന് ദിവസത്തെ ചരിത്ര സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഫ്രാന്‍സിസ് മാര്‍പ്പാപ്പ യുഎഇയില്‍ നിന്ന് മടങ്ങി. യു.എ.ഇ സമയം മൂന്ന് മണിയോടെയായിരുന്നു മാര്‍പാപ്പയുടെ മടക്കയാത്ര. മത സാഹോദര്യത്തിന്റെ ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ച് അബൂദബിയില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നേതൃത്വത്തില്‍ സമൂഹ കുര്‍ബാന നടന്നു.
അബൂദബി സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ ഒന്നരലക്ഷത്തോളം പേരാണ് കുര്‍ബാനയില്‍ പങ്കെടുക്കാന്‍ എത്തിയത്. മലയാളമടക്കം വിവിധ ഭാഷകളിലായിരുന്നു പ്രാര്‍ഥന. ഇന്നലെ രാത്രി മുതല്‍ അബൂദബി സ്പോര്‍ട്സ് സിറ്റിയിലേക്ക് വിശ്വാസികളുടെ ഒഴുക്ക് ആരംഭിച്ചിരുന്നു. അമ്പതിനായിരത്തോളം പേര്‍ക്ക് ശേഷിയുള്ള സ്റ്റേഡിയം മാര്‍പ്പാപ്പ എത്തുന്നതിന് മുമ്പേ നിറഞ്ഞു കവിഞ്ഞു. സ്റ്റേഡിയത്തിന് പുറത്തും വലിയ സ്ക്രീനുകള്‍ക്ക് പതിനായിരങ്ങള്‍ പ്രാര്‍ഥനയില്‍ പങ്കുചേരാനായി എത്തിയിരുന്നു. ഗള്‍ഫിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കുര്‍ബാന ചടങ്ങിനാണ് പിന്നീട് സ്റ്റേഡിയം സാക്ഷിയായത്. സമൂഹ കുര്‍ബാനക്ക് ശേഷം യു.എ.ഇ രാഷ്ട്രനേതാക്കള്‍ പങ്കെടുക്കുന്ന യാത്രയയപ്പ് ചടങ്ങോടെയാണ് മാര്‍പ്പാപ്പയുടെ മടക്കം.

