ലണ്ടന്‍: യു.കെയില്‍ മലയാളി നഴ്സും രണ്ടു മക്കളും കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവിന് 40 വര്‍ഷം തടവ്. കണ്ണൂര്‍ പടിയൂര്‍ കൊമ്പന്‍പാറയിലെ ചെലേവാലന്‍ സാജു (52) വിനെ നോര്‍ത്താംപ്ടണ്‍ഷെയര്‍ കോടതിയാണ് ശിക്ഷിച്ചത്. കേസില്‍ കഴിഞ്ഞ ഏപ്രിലില്‍ സാജു കുറ്റം സമ്മതിച്ചിരുന്നു.
2022 ഡിസംബറിലാണ് യു.കെയില്‍ നഴ്സായ വൈക്കം സ്വദേശി അഞ്ജു(35), മക്കളായ ജാന്‍വി (4), ജീവ(6) എന്നിവര്‍ കൊല്ലപ്പെട്ടത്. നോര്‍ത്താംപ്ടണിലെ കെറ്ററിങ്ങിലുള്ള വീട്ടില്‍വെച്ചായിരുന്നു സാജു മൂന്നുപേരേയും ആക്രമിച്ചത്. അഞ്ജു സംഭവസ്ഥലത്തുവെച്ചും മക്കള്‍ പിന്നീട് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. മൂന്നുപേരും ശ്വാസംമുട്ടിയാണ് മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
അഞ്ജുവിന് വിവാഹേതരബന്ധമുണ്ടെന്ന സംശയത്തില്‍ മദ്യലഹരിയില്‍ കൊലനടത്തുകയായിരുന്നെന്നാണ് സാജുവിന്റെ മൊഴി. അഞ്ജുവിനെക്കൊന്ന് നാലുമണിക്കൂര്‍ ആലോചിച്ചശേഷമാണ് കുട്ടികളെ കൊന്നത്. കെറ്ററിങ് ജനറല്‍ ആശുപത്രിയിലെ നഴ്സായ അഞ്ജുവിനെയും മക്കളെയും കാണാഞ്ഞ് അയല്‍ക്കാരാണ് പോലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് പോലീസെത്തുമ്പോള്‍ സാജു വീട്ടിലുണ്ടായിരുന്നു.
UKതെളിവില്ലെന്ന് പ്രോസിക്യൂട്ടര്‍
അഞ്ജു വിശ്വാസവഞ്ചന കാണിച്ചുവെന്ന സാജുവിന്റെ ആരോപണത്തിന് തെളിവില്ലെന്ന് പ്രോസിക്യൂട്ടര്‍ ജെയിംസ് ന്യൂട്ടന്-പ്രൈസ് കെ.സി. പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി സാജുവിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഭാര്യ ജോലിക്കുപോകുന്ന സമയത്ത് ഡേറ്റിങ് വെബ്സൈറ്റുകളില്‍ സ്ത്രീകള്‍ക്കായി തിരഞ്ഞിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
പ്രണയവിവാഹം.
2012-ലായിരുന്നു അഞ്ജുവിന്റെയും സാജുവിന്റെയും പ്രണയവിവാഹം. 2021-ലാണ് ഇരുവരും യുകെയില്‍ താമസത്തിനെത്തിയത്. കെറ്ററിങ്ങിലെ ഒരു സ്വകാര്യ സ്ഥാപനത്തിലായിരുന്നു സാജുവിന് ജോലി. യുകെയില്‍ എത്തിയതിന് പിന്നാലെ ചില കുടുംബ പ്രശ്നങ്ങളും ഇവര്‍ക്കിടയില്‍ നിലനിന്നിരുന്നു. സാജു സ്ഥിരമായി അഞ്ജുവിനെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് കൊലപാതക വിവരം പുറത്തുവന്നതിന് പിന്നാലെ കുടുംബം ആരോപിച്ചിരുന്നു.
Content Highlights: Saju Chelavalel jailed for murdering wife and children